പത്തനംതിട്ട: പത്തനംതിട്ട, വലഞ്ചുഴി മേഖലകളെ ബന്ധപ്പിച്ച് അച്ചൻകോവിലാറ്റിലെ വലഞ്ചുഴി ക്ഷേത്ര കടവിൽ നിർമ്മിച്ചിട്ടുള്ള നടപ്പാലത്തിന്റെ തുണുകളിലെ മണ്ണിടിഞ്ഞു. വലഞ്ചുഴി ക്ഷേത്രത്തിനോട് ചേർന്ന് ആറ്റുതീരത്ത് സ്ഥാപിച്ച തൂണിന്റെ കരിങ്കൽ സംരക്ഷണ ഭിത്തിയും പടിക്കെട്ടും വീണ്ടും ഇടിഞ്ഞ് ആറ്റിലേക്ക് താഴ്ന്നു. അപകട സാദ്ധ്യതയുള്ള പാലത്തിലൂടെ ആളുകൾ നടന്നു പോകുന്നുണ്ട്. പ്രമാടം പഞ്ചായത്തിൽ നിന്ന് വലഞ്ചുഴി ക്ഷേത്രത്തിലേക്ക് എത്തുന്ന ഏക റോഡിന്റെ ഇരുവശത്തെ ആറ്റുതീരം പ്രളയ സമയത്തുള്ള കുത്തൊഴുക്ക് കാരണം ഇടിഞ്ഞുതാഴുന്നുണ്ട്. ഈ ഭാഗത്ത് ആറ് കുടുംബങ്ങളിലായി താമസിക്കുന്നവർ പ്രളയ സമയത്ത് ഭീതിയിലാണ്. ആറ്റുതീരം സംക്ഷണഭിത്തി കെട്ടി കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് 2018 മുതൽ നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും കരികല്ലുകൾ ഇറക്കിയിട്ടതല്ലാതെ നടപടിയുണ്ടായില്ല.