കോന്നി: അരുവാപ്പുലം പഞ്ചായത്ത് അഞ്ചാം വാർഡിലെ ആവണിപ്പാറ ആദിവാസി കോളനിയിൽ ഗ്രാമ പഞ്ചായത്തിന്റെയും കൊക്കാത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മഴ ശമിച്ചതോടെ അച്ചൻകോവിലാറ്റിൽ ഫൈബർ വള്ളത്തിൽ വടത്തിൽ പിടിച്ചു ശ്രമകരമായാണ് സംഘം കോളനിയിലെത്തിയത്. രണ്ടാഴ്ച കൂടുമ്പോൾ പുറത്തിറങ്ങി ഭക്ഷണസാധനങ്ങൾ ശേഖരിക്കുന്ന ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മഴ തുടർന്നാൽ കോളനിയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകും. കോന്നി -കല്ലേലി- അച്ചൻകോവിൽ വനപാതയിൽ പലയിടത്തും വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. കോന്നിയിൽ നിന്ന് കല്ലേലി വഴി മുപ്പത്തിയാറു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം ആവണിപ്പാറയിലെത്താൻ .37 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ സാധനങ്ങൾ കോളനിയിലുണ്ടെന്നും അത്യാവശ്യം മരുന്നുകൾ എത്തിച്ചതായും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു.