തിരുവല്ല: അപ്പർകുട്ടനാട്ടിൽ മഴ ശമിച്ചെങ്കിലും വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഒഴിയുന്നില്ല. താലൂക്കിൽ ഇന്നലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുടങ്ങി. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നതോടെ ആകെ ക്യാമ്പുകളുടെ എണ്ണം 98 ആയി. 1565 കുടുംബങ്ങളിലെ 5419 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്തമഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളം ഇറങ്ങിയാലും ക്യാമ്പുകൾ ശനിയാഴ്ച വരെ തുടരാൻ തീരുമാനിച്ചു. 2223 പുരുഷന്മാരും 2289 സ്ത്രീകളും 903 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. വീടുകളിൽ നിന്നും മറ്റും വെള്ളം ഇറങ്ങി തുടങ്ങിയതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും തകൃതിയായി നടക്കുകയാണ്. ഉരുൾപൊട്ടി ഒഴുകിയെത്തിയ കലക്കവെള്ളത്തിലെ ചെളിയടിഞ്ഞു കൂടിയത് നീക്കംചെയ്യുന്നത് ദുഷ്‌കരമാണ്. പലരും കൂലിക്ക് ജോലിക്കാരുടെ സഹായത്തോടെയാണ് ഇതെല്ലാം നീക്കിയത്. വെള്ളം ഇറങ്ങുമ്പോൾ തന്നെ ചെളി നീക്കിയില്ലെങ്കിൽ പിന്നെയുള്ള ചെളിനീക്കം അതിലും ദുഷ്ക്കരമാകും. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും പകൽനേരങ്ങളിൽ പോയി വീടുകൾ വൃത്തിയാക്കുകയാണ്. പ്രധാന റോഡുകളിൽ നിന്നും വെള്ളം ഇറങ്ങിയതോടെ ഗതാഗത തടസങ്ങൾ മാറി. അതേസമയം ഗ്രാമീണ റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.

ക്യാമ്പുകൾ 98

5419 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ