destruction
നെടുമ്പ്രം പഞ്ചായത്തിലെ വെള്ളൂർകടവ് - ഒറ്റതെങ്ങ് റോഡ് ഒലിച്ചുപോയ നിലയിൽ

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പ്രം പഞ്ചായത്തിലെ വെള്ളൂർ കടവ് - ഒറ്റതെങ്ങ് റോഡിന്റെ പകുതിയോളം ഒലിച്ചുപോയി. അമ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. പഞ്ചായത്തിലെ 12 -ാം വാർഡിലെ കടുക്കേഴ്ത്ത് ഭാഗത്താണ് റോഡ് പൂർണമായും തകർന്നത്. കഴിഞ്ഞവർഷം ടാറിംഗ് ചെയ്ത റോഡിന്റെ അടിയിലൂടെ കൃഷിക്ക് വെള്ളം എത്തിക്കാനായി കുഴൽ സ്ഥാപിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ശക്തമായഒഴുക്കിനെ തുടർന്ന് റോഡിന്റെ പകുതിയിലേറെ ഭാഗം അടർന്നു വേർപെടുകയായിരുന്നു. ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെ ഒട്ടേറെ കുടുംബങ്ങളുടെ ഗതാഗതസൗകര്യം മുടങ്ങിയതോടെ പ്രദേശം ഒറ്റപ്പെട്ടു. റോഡിന്റെ സംരക്ഷണത്തിന് കലുങ്ക് നിർമ്മിച്ചു തകർന്ന ഭാഗം പുനർ നിർമ്മാണം നടത്തുവാൻ അടിയന്തര നടപടി ഉണ്ടാക്കണമെന്ന് പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ ആവശ്യപ്പെട്ടു.