പത്തനംതിട്ട : മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്ന നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയ മരങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്ന പ്രവർത്തി വിലയിരുത്തുകയായിരുന്നു കളക്ടർ. പാലത്തിന്റെ അടിഭാഗത്തായി ശക്തമായ മഴയെത്തുടർന്ന് മണിമലയാറിൽ നിന്ന് ക്രമാതീതമായി ഒഴുകിയെത്തിയ മരങ്ങളും, മണലും പാറയും മറ്റ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിനാൽ നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഇത് അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. അഗ്നിരക്ഷാ സേനാ, മൈനർ ഇറിഗേഷൻ, പി.ഡബ്ല്യൂ.ഡി എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങൾ നീക്കം ചെയ്യുന്നത്.
മഴക്കെടുതിയിൽ സജീവമായ പ്രവർത്തനങ്ങൾ
മഴക്കെടുതിയിൽ സജീവമായ പ്രവർത്തനങ്ങളാണ് എല്ലാ വകുപ്പുകളും ജില്ലയിൽ നടത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആളപായമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടത്താനും സാധിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ മഴമുന്നറിപ്പ് തുടരുന്ന സാഹചര്യത്തിൽ നദികളുടെ നീരൊഴുക്ക് തടസമില്ലാതെ സുഗമമാക്കേണ്ടതുണ്ട്. കല്ലൂപ്പാറ പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയിൽ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള ഭാഗമാണ് ഒഴുക്കിൽപ്പെട്ടുപോയത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസൺ, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, മല്ലപ്പള്ളി തഹസിൽദാർ എം.ടി ജെയിംസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഷിബു തോമസ്, വർഗീസ് മാത്യു, ഡി.അജയൻ, കല്ലൂപ്പാറ വില്ലേജ് ഓഫീസർ ദിവ്യ കോശി തുടങ്ങിയവർ സന്ദർശിച്ചു.
കോമളം പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയ
മരങ്ങളും ഉൾപ്പെടെയുള്ളവ നീക്കം ചെയ്യൽ ആരംഭിച്ചു