flood-
വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ പുറത്തേക്ക് നീക്കിയിട്ടിരിക്കുന്നു

റാന്നി : വെള്ളമിറങ്ങിയിട്ടും ദുരിതമൊഴിയാതെ റാന്നിയിലെ വ്യാപാരികൾ. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇട്ടിയപ്പാറ ടൗണിൽ വെള്ളം കയറിനിരവധി കടകൾക്ക് നാശം നഷ്ടം സംഭവിച്ചിരുന്നു. ബസ് സ്റ്റാൻഡിൽ റോഡിനു താഴെയായി സ്ഥിതി ചെയ്യുന്ന കടകളിലാണ് കൂടുതലും വെള്ളം കയറിയത്. സാധനങ്ങൾ കുറച്ചെങ്കിലും മാറ്റാൻ കഴിഞ്ഞിരുന്നെങ്കിലും കടകളിലെ നിർമ്മാണ സാമഗ്രികൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാധനങ്ങൾ ഉൾപ്പെടെ നശിച്ചു പോയ കടകളും ഇക്കൂട്ടത്തിലുണ്ട്. വെള്ളം കയറിയിറങ്ങി നാല് ദിവസം കഴിഞ്ഞെങ്കിലും പലർക്കും ഇപ്പോഴും പഴയ രീതിയിൽ വ്യാപാരം തുടങ്ങാൻപോലും സാധിച്ചിട്ടില്ല. വെള്ളം കയറും എന്ന ഭയത്തിൽ മിക്ക കടകളിൽ നിന്നും സാധനങ്ങൾ വീടുകളിലേക്കോ ഉയർന്ന പ്രദേശത്തോട്ടോ മാറ്റിയതിനാൽ സാധനങ്ങളുടെ ലഭ്യതക്കുറവും അനുഭവപ്പെടുന്നുണ്ട്. മാമുക്കിനും സമാനമായ രീതിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. റോഡ് നിരപ്പ് വെള്ളം കിടക്കുമ്പോഴും അമിത വേഗത്തിൽ വാഹനങ്ങൾ കടന്നു പോയത് മൂലം കടകളിലേക്ക് വെള്ളം കയറിയും നാശം ഉണ്ടായിട്ടുണ്ട്.