flood
വെള്ളംകയറി നശിച്ച വാഴകൃഷി

തിരുവല്ല: തിരുവല്ല താലൂക്കിൽ 1.49 കോടിയുടെ കൃഷിനാശം. ഓണവിപണിയുടെ തകർച്ചയ്ക്ക് പിന്നാലെയാണ് കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കഴിഞ്ഞദിവസങ്ങളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത്. മണിമലയാറിന്റെ തീരങ്ങളിലാണ് കൂടുതൽ കൃഷി നാശം സംഭവിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിൽ 1 കോടി 49 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. 621 കർഷകരുടെ നഷ്ടം മാത്രമാണ് നിലവിൽ തിട്ടപ്പെടുത്തിയിരിക്കുന്നത്. 21.86 ഹെക്ടറിലെ കൃഷി നശിച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അഞ്ചുദിവസത്തെ നഷ്ടമാണിത്. ഏത്തവാഴ ഉൾപ്പടെയുള്ള വാഴകൃഷിയും മരച്ചീനിയും പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമെല്ലാം വെള്ളമെടുത്തു. മേയിൽ രണ്ട് വെളളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ച അപ്പർകുട്ടനാട്ടിൽ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം കനത്തനഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കിയത്.