പന്തളം : പരിസ്ഥിതി ലോല പ്രദേശമായ പന്തളം കുരമ്പാല ആതിരമലയിൽ തുടർച്ചയായുണ്ടാകുന്ന മഴയിൽ അപകട സാദ്ധ്യത ഉണ്ടായെന്ന ദുരിത നിവാരണ സമിതിയുടെയും ജിയോളജി വകുപ്പിന്റെ സർവേയുടെ അഭിപ്രായത്തിൽ ജില്ലാ കളക്ടർ ഡോ: ദിവ്യാ എസ് അയ്യർ നൽകിയ നിർദ്ദേശത്തെ തുടർന്ന് വേണ്ട മുൻകരുതൽ നടപടികൾ എടുക്കുന്നതിന് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ അവലോകനം യോഗം നടത്തി. ജാഗ്രത പാലിക്കാനുള്ള അനൗൺസ്‌മെന്റ് ഇന്ന് നടത്തും, കുടുംബശ്രീ വിവിധ സഘടനകൾ മുഖേന ജനങ്ങളെ ബോധവൽക്കരിച്ച് സംഭവസ്ഥലത്ത് നിന്നും മാറ്റാൻ യോഗം തീരുമാനിച്ചു 22, 23 ദിവസങ്ങളാണ് സങ്കീർണമെന്നാണ് പറയുന്നത്. ആതിരമലയ്ക്ക് ചുറ്റുമായി 800 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ വേണ്ടി വന്നാൽ കുരമ്പാല അമൃതാ സ്‌കൂൾ, ഇടയാടി സ്‌ക്കൂൾ, കുരമ്പാല എൽ.പി.എസ്, തണ്ടാനുവിള സ്‌കൂൾ, പറന്തൽ എന്നിവിടങ്ങളിലേക്ക് മാറ്റാനും അടിയന്തര ഘട്ടത്തിൽ തീരുമാനിക്കും. ഭയാശങ്കകളൊന്നും വേണ്ടെന്നും ജാഗ്രത മതിയെന്നും അധികൃതർ അറിയിച്ചു. പന്തളം നഗരസഭയിൽ 16, 17 ഡിവിഷനുകൾ പൂർണമായും 15,18 ഡിവിഷനുകളിലെ കുറച്ച് പ്രദേശങ്ങളും ഇതുമായി ഉൾപ്പെടുത്തിയാണ് ആതിരമല എന്ന് നിർദേശിച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ട് കുരമ്പാല പെരുമ്പാലൂർ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൻ കൂടിയ യോഗത്തിൽ നഗരസഭാ കൗൺസിലർ ജി.രാജേഷ്‌കമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. സീന,നഗരസഭ കൗൺസിലർമാരായ അംബികാ രാജേഷ്, അജിത് കുമാരി, നഗരസഭ സെക്രട്ടറി ഇൻ-ചാർജ് ആർ. രേഖ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. നിഷ, പന്തളം എസ്.ഐ. വേണുകുമാർ, വില്ലേജ് ഓഫീസർ സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.