അടൂർ : നഗരത്തിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിന് പുറമേ ഐക്കാട്, കൊടുമൺ, ഇടത്തിട്ട, ചന്ദനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നതിനുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ മാർഗമാണ് ആനന്ദപ്പള്ളി - കൊടുമൺ പാത. നാല് കെ. എസ്. ആർ. ടി. സി ബസുകളും ആറ് സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇന്നുള്ളത് രണ്ട് സ്വകാര്യ ബസുകൾ മാത്രം. ഇതിൽ ഒരു ബസ് കഴിഞ്ഞ ഒരാഴ്ചയായി സർവീസ് നടത്തുന്നതുമില്ല. ഇതോടെ യാത്രാക്ളേശം ഏറെ രൂക്ഷമായി. ആനന്ദപ്പള്ളി - കൈപ്പട്ടൂർ റോഡിനേയും ഏഴംകുളം - കൈപ്പട്ടൂർ റോഡിനേയും ബന്ധിപ്പിക്കുന്ന പാതയാണിത്. ഈ പാതയിലൂടെ അടൂരിൽ നിന്ന് ഏഴര കിലോ മീറ്റർ യാത്രചെയ്താൽ കൊടുമണ്ണിൽ എത്താനാകും. അതേ സമയം ഏഴംകുളം വഴി കൊടുമണ്ണിൽ എത്തുന്നതിന് 11കിലോമീറ്റർ സഞ്ചരിക്കണം. ഈ രണ്ട് റൂട്ടുകൾക്കും ഇടയിലുള്ള ആനന്ദപ്പള്ളി കിഴക്ക്, ഐക്കാട് പ്രദേശങ്ങളിലുള്ളവരാണ് ബസ് സർവീസ് ഇല്ലാത്തതു കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. കൊടുമൺ, ചന്ദനപ്പള്ളി പ്ളാന്റേഷനുകളിലെ തൊഴിലാളികൾക്കും ഐക്കാട് ഗവ. ഐ. ടി. ഐ വിദ്യാർത്ഥികൾക്കുമാണ് ബസ് സർവീസുകൾ ഏറെ പ്രയോജന ചെയ്യപ്പെട്ടിരുന്നത്.
നൂറ് കണക്കിന് യാത്രക്കാർക്ക് ഓട്ടോറിക്ഷകളും കാൽനടയാത്രയുമാണ് ഇന്ന് ആശ്രയം. റോഡും ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. കോന്നി മെഡിക്കൽ കോളേജ് ഉൾപ്പെടെ എത്തുന്നതിനായി കെ. എസ്. ആർ. ടി. സി ഉൾപ്പെടെയുള്ള സർവീസുകൾ ആരംഭിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വേണം.
വിനോദ് വാസുകുറുപ്പ്.
നാട്ടുകാരൻ.