കൊടുമൺ: അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രധാന ഗേറ്റിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാത വാഹനം ഇടിച്ചു തകർന്നിട്ട് നാല് മാസമായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. കൊടുമൺ പഞ്ചായത്താണ് ഇത് നിർമ്മിച്ചത്.
ബസ് കാത്തുനിൽക്കുന്നവരുടെ തലയ്ക്കുമീതെ അടർന്ന കോൺക്രീറ്റ് സ്ളാബുകൾ തൂങ്ങിക്കിടക്കുകയാണ്. ഏതോ വലിയ വാഹനം ഇടിച്ചു തകർന്നതാണ് കാത്തിരിപ്പ് കേന്ദ്രം. ബലക്ഷയമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏതു നിമിഷവും നിലംപൊത്താം. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ഇവിടേക്ക് പ്രവേശനം വിലക്കിയില്ലെങ്കിൽ അത്യാഹിതമുണ്ടായേക്കും. മുകളിലെ കോൺക്രീറ്റ് പല കഷണങ്ങളായി അടർന്നിട്ടുണ്ട്. കമ്പിയുടെ ബലത്തിലാണ് താഴെ വീഴാതെ നിൽക്കുന്നത്. മഴ പെയ്യുമ്പോൾ കോൺക്രീറ്റിന്റെ ഭാഗങ്ങൾ അടർന്നുവീഴുന്നുണ്ട്.
റോഡിന് ഇരുവശവും സ്‌കൂൾ കെട്ടിടങ്ങളാണ്. യു.പി വിഭാഗമാണ് തൊട്ടുമുന്നിൽ. കുട്ടികളും അദ്ധ്യാപകരും ബസ് കാത്തുനിൽക്കാറുള്ളത് ഇവിടെയാണ്.
കാത്തിരിപ്പുകേന്ദ്രം തകർത്ത വാഹനം ഇതുവരെ കണ്ടെത്താനായില്ല. ജെ.സി.ബി പോലുള്ള വലിയ വാഹനങ്ങൾ ഇടിച്ചതാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. കാത്തരിപ്പുകേന്ദ്രത്തിന് മുപ്പത് വർഷത്തിലേറെ പഴക്കമുണ്ട്. പി.കെ.പ്രഭാകരൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് നിർമ്മിച്ചതാണ്.