coseway
കുരുമ്പൻമൂഴി കോസ് വെയിലെ മണ്ണ് നീക്കുന്നു

റാന്നി: വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുരുമ്പൻമൂഴി പ്രദേശവാസികൾക്ക് മറുകരയായ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാൻ ആശ്രയമായ കുരുമ്പൻമൂഴി കോസ് വേയിൽ അടിഞ്ഞുകൂടിയ മണൽ ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തിൽ കോസ് വേയിൽ രണ്ടര മീറ്ററോളം മണൽ അടിഞ്ഞ് കാൽനടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശക്തമായ മഴ ഉണ്ടാകുമ്പോൾ പമ്പാ നദിക്ക് അക്കരെയുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ കുരുമ്പൻമൂഴിയിലെ അഞ്ഞൂറിൽ അധികം കുടുംബങ്ങൾ മറ്റ് ഗതാഗത മാർഗങ്ങളില്ലാതെ ഒറ്റപ്പെടുന്നസ്ഥിതി ഉണ്ടാകാറുണ്ട്.
ജെ.സി.ബി ഉപയോഗിച്ചാണ് റാന്നി ഫയർ സ്റ്റേഷൻ ഓഫീസർ കെ.ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോസ് വേയിലെ മണൽ നീക്കിയത്. നാട്ടുകാരുടെ സേവനവും ലഭിച്ചു. ഫയർഫോഴ്‌സ് ടീമിൽ ജെ.എസ് ജയദേവൻ, ടി.അൻസാരി, എം.എം റഫീക്ക്, വി.ടി പ്രവീൺകുമാർ എന്നിവർ ഉണ്ടായിരുന്നു.