22-seva-clean
സേവാഭാരതിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ഞെട്ടൂരിൽ വീടുകൾ ശുചിയാക്കുന്നു.

ചെങ്ങന്നൂർ : കഴിഞ്ഞ മൂന്ന് ദിവസമായി മഴ മാറി നിന്നെങ്കിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് മന്ദഗതിയിലാണ് താഴുന്നത്. ഇക്കാരണത്താൽ ഭൂരിപക്ഷം വീടുകളും ഇപ്പോഴും വെള്ളത്തിലാണ്. മുപ്പത് ശതമാനം വീടുകളിൽ നിന്നു മാത്രമാണ് ജലമൊഴിഞ്ഞത്. അച്ചൻ കോവിലാറിന്റെ തീരത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശമായ കുളനട, വെണ്മണി ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പ്രളയ ബാധിതർ ഉള്ളത്. വെണ്മണിയിൽ 16 ക്യാമ്പുകളിലും 5 ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമായി 500 കുടുംബങ്ങളാണ് കഴിയുന്നത്. വെള്ളം കയറിയതിനെ തുടർന്ന് അയൽ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവരുമുണ്ട്. കുളനടയിൽ മൂന്ന് ക്യാമ്പുകളിലും 2 കൊവിഡ് സെന്ററുകളിലുമായി 400 പേരാണ് കഴിയുന്നത്. ജലമിറങ്ങിയ വീടുകളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. . ബാച്ചുകളായി തിരിഞ്ഞ് നൂറു കണക്കിന് വോളന്റിയർമാരാണ് ശുചീകരണ പ്രവർത്തനം നടത്തുന്നത്. ഇത് വീടുക്കലേക്ക് മടങ്ങിയെത്തുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്. മഴ മാറിയെങ്കിലും നദിയിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ടൺ കണക്കിന് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതാണ് ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാൻ കാരണം.