flood
പനച്ചമൂട്ടിൽ കടവ് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് തൂണുകളിൽ അടിഞ്ഞുകൂടിയ മരക്കമ്പുകളും മാലിന്യങ്ങളും മറ്റും പാലങ്ങൾക്ക് ഭീഷണിയാകുന്നു. മണിമലയാറിന്റെയും പമ്പയാറിന്റെയും കുറുകെ നിർമ്മിച്ചിട്ടുള്ള ഭൂരിഭാഗം പാലങ്ങളുടെയും തൂണുകളിലാണ് വലിയ വൃക്ഷത്തടികൾ ഉൾപ്പെടെ അടിഞ്ഞുകൂടിയിരിക്കുന്നത്. വള്ളംകുളം, മനയ്ക്കച്ചിറ, കുറ്റൂർ, കല്ലിശ്ശേരി, പനച്ചമൂട്ടിൽ, പുളിക്കീഴ്, പന്നായി ഉൾപ്പെടെയുള്ള ചെറുതും വലുതുമായ പാലങ്ങളുടെ തൂണുകളിൽ ഒഴുകിപ്പോകാതെ കുടുങ്ങിക്കിടക്കുകയാണ് ഇവ. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പമ്പയും മണിമലയാറും കരകവിഞ്ഞൊഴുകിയത്. മാലിന്യങ്ങളും ചെളിയും അടിഞ്ഞുകൂടി പാലത്തിന്റെ തൂണുകൾക്കും അപ്പ്രോച്ച് റോഡിനും ബലക്ഷയം സംഭവിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം വെണ്ണിക്കുളത്തെ കോമളം പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും തകർച്ചയ്ക്ക് വഴിയൊരുക്കിയതും ശക്തമായി ഒഴുകിയെത്തിയ മാലിന്യങ്ങളാണ്. പാലങ്ങൾക്ക് ബലക്ഷയവും ജലമൊഴുക്കിന് തടസവും സൃഷ്ടിക്കുന്ന രീതിയിൽ 2018ലെ പ്രളയത്തിലും വലിയതോതിൽ മാലിന്യങ്ങൾ ഒഴുകിയെത്തിയിരുന്നു. പിന്നീട് പൊതുമരാമത്ത്, ഫയർഫോഴ്‌സ്, റവന്യു വകുപ്പ് അധികൃതർ ചേർന്നാണ് പാലങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കിയത്. ഇടത്തോടുകളിലെ കല്ലുങ്കൽ, ഇരമല്ലിക്കര, തുടങ്ങിയ ചെറിയ പാലങ്ങൾക്കും സമാനഭീഷണി ഉയർന്നിട്ടുണ്ട്. കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പും ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.

പാലത്തിന്റെ തൂണുകൾക്കു ചുറ്റും അടിഞ്ഞുകൂടിയ മരച്ചില്ലകളും മാലിന്യങ്ങളും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പാലം അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർക്ക് നാട്ടുകാർ നിവേദനം നൽകി.