തെങ്ങമം: അടൂർ താലൂക്കിൽ കന്നിമലയിൽ ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ്ധ സമിതിയും ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കടമ്പനാട് പഞ്ചായത്തിലെ കന്നിമലയിലെ ജനങ്ങൾ ഭീതിയിൽ , 2011ൽ പ്രദേശത്തുണ്ടായ ഭൂചലനത്തിൽ നിരവധി വീടുകൾക്ക് വിള്ളൽ വീഴുകയും 2019ൽ കന്നിമലയിലെ താഴ് വരയിൽ ഉഗ്രശബ്ദത്തോട് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും ചെയ്തിരുന്നു. 2011ൽ മണ്ണടി കന്നിമലയിൽ പട്ടയഭൂമിയിൽ പരിസ്ഥിതി ഖനന നിയമങ്ങൾ കാറ്റിൽ പറത്തി ഭൂമിയുടെ ഘടനമാറ്റി ക്വാറി പ്രവർത്തനം തുടങ്ങിയ ശേഷമാണ് കന്നിമല നിവാസികളുടെ സ്വൈര്യ ജീവിതം തകർക്കപ്പെട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. കന്നിമലയുടെ ഭൂരിഭാഗവും കടമ്പനാട് പഞ്ചായത്തിലുൾപ്പെടുന്നതാണ്.ഇവിടെ ഒരു പ്രകൃതിദുരന്തം ഉണ്ടായാൽ മണ്ണടി പ്രദേശം കല്ലടയാറിൽ പതിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ജില്ലാ ഭരണകൂടത്തെ ധരിപ്പിച്ചിട്ടും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ യാതൊരു പഠനവും നടത്താൻ തയാറായിട്ടില്ലെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. ഇപ്പോൾ ജില്ലാ ദുരന്ത നിവാരണ സമിതി ഏറത്ത് പഞ്ചായത്തിലെ ജനങ്ങൾക്ക് മാത്രമാണ് മുന്നറിയിപ്പ് നൽകി മാറ്റി പാർപ്പിക്കാൻ നടപടിയായിരിക്കുന്നത്. കന്നിമലയുടെ ഭൂരിഭാഗവും കടമ്പനാട് പഞ്ചായത്തിലാണ്. ദുരന്തമുണ്ടായാൽ ബാധിക്കുന്നത് കൂടുതലും മണ്ണടിയിലെ ജനങ്ങളെയാണ്, യാതൊരു പഠനവും നടത്താതെയാണ് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നടപടിയെന്ന് ഇതിലൂടെ വ്യക്തമാണ്.