ചെങ്ങന്നൂർ: പമ്പയാറിന്റെ തീരത്തെ മിക്ക പഞ്ചായത്തുകളിലെയും ജലനിരപ്പ് താഴ്ന്നിട്ടും തിരുവൻവണ്ടൂർ തോണ്ടറപ്പടി കോളനിയിൽ വെള്ളക്കെട്ട് ഒഴിയാത്തത് കോളനി നിവാസികൾക്ക് ദുരിതമാകുന്നു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ തോണ്ടറപ്പടി കോളനിയിലെ പത്തോളം വീടുകളിലാണ് വെള്ളം കയറിയത്. ഞായറാഴ്ച തന്നെ ഇവരെ തിരുവൻവണ്ടൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
ആനത്തോട്, കക്കി, പമ്പ ഡാമുകൾ തുറന്നതോടെ പ്രളയസമാനമായ സാഹചര്യം നിലനിൽക്കെ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരെ ഉൾപ്പെടെ ക്യാമ്പിൽ കഴിയുന്നവരടക്കം 18ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും തിരികെ എത്തുന്ന മുറയ്ക്ക് വീട് വൃത്തിയാക്കുന്ന തിരക്കിലാണ് ചിലർ. മിക്ക വീടുകളുടേയും ചുവരുകൾക്കും, തറകൾക്കും വിള്ളലുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ പാത്രങ്ങൾ, തുടങ്ങിയവ അടക്കം വീടിന്റെ അകത്തെയും പുറത്തെയും ചുവരുകൾ, മുറികളുടെ തറ എന്നിവ കഴുകി വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയാണ്. എങ്കിലും വീടിനു ചുറ്റുമുള്ള വെള്ളക്കെട്ട് ഒഴിയുന്നില്ല. ഇതു കാരണം തറയുടെ ഈർപ്പം വലിഞ്ഞു മാറിയിട്ടില്ല. പമ്പയിലെ ജലം ഈ പ്രാവശ്യം തിരുവൻവണ്ടൂരിന് ഭീഷണി ആയിരുന്നില്ല.
അതേ സമയം മണിമലയാറ്റിൽ ജലനിരപ്പുയർന്നതോടെയാണ് തിരുവൻവണ്ടൂരിന്റെ പടിഞ്ഞാറു ഭാഗമായ ഇരമല്ലിക്കര, വടക്ക് നന്നാട്, എന്നിവിടങ്ങളിൽ വെള്ളം കയറിയത്. സ്വാഭാവിക നദീ ബന്ധനമായ വരട്ടാറും കവിഞ്ഞതോടെ വടക്കു കിഴക്കേ ഭാഗമായ മഴുക്കീറിൽ വീടുകളിലും പ്രാവിൻ കൂട് ഇരമല്ലിക്കര റോഡിലും വെള്ളം കയറി.

തോണ്ടറപ്പടി
കോളനിക്ക് വടക്കുവശത്തുകൂടി ഒഴുകിയിരുന്ന ചൂളാറിലൂടെ മുമ്പ് പൊക്ക വെള്ളവും പെയ്ത്തു വെള്ളവും ഒഴുകി മാറുമായിരുന്നു. കാലക്രമേണ അത് നികത്തിയതും വെള്ളം ഒഴുകിപ്പോകുവാൻ തടസമായി. ഇതേത്തുടർന്നാണ് തുടർച്ചയായി മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടുണ്ടാവുന്നതെന്ന് കോളനി നിവാസികൾ പറഞ്ഞു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നു കാട്ടി ചെങ്ങന്നൂർ ആർഡിഒയ്ക്ക് കോളനി നിവാസികൾ പരാതി സമർപ്പിച്ചു.