തിരുവല്ല: താലൂക്കിൽ മഴ ശമിച്ചെങ്കിലും വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ തുടരുകയാണ്. കോയിപ്രം വില്ലേജിൽ കുന്നിലേത്ത് കരുണാകരൻ നായരുടെ വീട്ടുവളപ്പിലെ കിണർ ഇന്നലെ ഉച്ചയോടെ ഇടിഞ്ഞുതാഴ്ന്നു. മണിമല, പമ്പ നദികളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും അപ്പർകുട്ടനാടൻ മേഖലകളിൽ പലയിടത്തും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഇതുകാരണം വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ ഒഴിയുന്നില്ല. താലൂക്കിൽ ആകെ ക്യാമ്പുകളുടെ എണ്ണം 98 ആയി . 1565 കുടുംബങ്ങളിലെ 5419 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്തമഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളം ഇറങ്ങിയാലും ക്യാമ്പുകൾ ശനിയാഴ്ച വരെ തുടരാനാണ് തീരുമാനം. 2223 പുരുഷന്മാരും 2289 സ്ത്രീകളും 903 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. പ്രധാന റോഡുകളിൽ നിന്നും വെള്ളം ഇറങ്ങിയെങ്കിലും ഗ്രാമീണ റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. മിക്കറോഡുകളുടെയും ടാറിംഗ് ഒഴുക്കിൽ പൊളിഞ്ഞു എക്കൽ അടിഞ്ഞുകൂടിയ നിലയിലാണ്.പാടശേഖരങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങളും നീണ്ടുപോകുന്നത് കർഷകർക്കും ദുരിതമാകും.