പന്തളം : ആതിരമലയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. പന്തളം നഗരസഭയുടെ 16, 17 ഡിവിഷനുകൾ ഉൾപ്പെടുന്ന മേഖലയിലാണ് ഭീഷണി നിലനിൽക്കുന്നത്. ആതിര മലയുടെ സമീപ പ്രദേശങ്ങളിലായി 800 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നഗരസഭ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രദേശവാസികൾ ബന്ധുവീടുകളിലേക്ക് മാറിയിരിക്കുന്നത്. ആതിരമലയിൽ മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പന്തളം നഗരസഭ അധികൃതർ അടിയന്തര യോഗം വിളിച്ചു മുൻകരുതൽ നടപടികൾ കൈക്കൊണ്ടു. പന്തളത്തെ വിവിധ സ്‌കൂളുകളിൽ ക്യാമ്പിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മണ്ണുമാന്തി, ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏർപ്പെടുത്തും.
നൂറ്റി അമ്പത് വർഷം മുൻപ് ഈ ഭാഗത്ത് ഉരുൾ പൊട്ടിയിരുന്നതായും പഴമക്കാർ പറയുന്നു. ആലുവിള, മണ്ണാകോണം , വാറ്റൂര തടം എന്നി ഭാഗങ്ങളിൽ നിന്നാണ് ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നത്.