പന്തളം : വെള്ളപ്പൊക്കത്തിൽ ക്ഷീരകർഷകരുടെ പശുക്കൾ നഷ്ടപ്പെട്ടാൽ ഇൻഷ്വർ ചെയ്യാത്ത പശുവിന് 30,000 രൂപ നൽകുമെന്ന് മൃഗസംരക്ഷണ ക്ഷീര വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ പന്തളത്തെത്തിയതായിരുന്നു മന്ത്രി.
കിടാക്കൾ ചത്താൽ ഒന്നിനു 15,000 രൂപയും കോഴി കർഷകർക്ക് ഒന്നിന് 200 രൂപ വീതവും നല്കും. ദുരന്തനിവാരണ നിയമം അനുസരിച്ചു മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാകും ഇതു നല്കുക. ക്ഷീരസംഘത്തിൽ പാലു നല്കാൻ കഴിയാത്തതുമൂലവും കർഷക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്കും. തൊഴുത്ത് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് 50,000 രൂപയും ഭാഗികമായി നഷ്ടപ്പെട്ടവർക്ക് 15,000 മുതൽ 20,000 രൂപ വരെയും നല്കും.
നാശനഷ്ടങ്ങളുണ്ടായ കർഷകർ മൃഗാശുപത്രികളിലോ ക്ഷീര വികസന വകുപ്പിന്റെ ബ്ലോക്ക് തല ഓഫീസിലോ 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.
പന്തളം ഫാമിൽ വെള്ളം കയറിയതോടെ അവിടെയുള്ള പശുക്കളെയും ആടുകളെയും പന്തളം എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം പന്തൽ കെട്ടി അവിടേയ്ക്കു മാറ്റിയിരുന്നു. മന്ത്രി അവിടെയും സന്ദർശനം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, കൃഷി ഓഫീസർ എം.എസ്. വിമൽകുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.