പത്തനംതിട്ട : നഗരസഭ ശുചിത്വ നഗരമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭാ കൗൺസിൽ യോഗം ചേർന്നു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന നഗരവാസികൾക്കും സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും നഗരസഭയിൽനിന്നും ലഭിക്കുന്ന സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിന് കൗൺസിൽ തീരുമാനിച്ചു. നഗരസഭയിലെ 2, 9, 11, 16, 29 വാർഡുകൾ പൈലറ്റ് വാർഡുകളായി തിരഞ്ഞെടുത്തു. പൈലറ്റ് വാർഡുകളിലെ എല്ലാ വീടുകളിലും 2022 ജനുവരി 31നകം മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. റിംഗ്, ബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ സബ്‌സിഡി നിരക്കിൽ നഗരസഭ നൽകും. സ്വന്തമായി സ്ഥല ലഭ്യതയുള്ളവർക്ക് ജൈവ മാലിന്യങ്ങൾ മാത്രം സംസ്‌കരിക്കാൻ കുഴി കമ്പോസ്റ്റുകൾ ഒരുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കും. ഹരിതകർമ്മ സേനയുമായി സഹകരിക്കുന്നവർക്ക് നഗരസഭയിൽ നിന്നും, നഗരസഭയ്ക്ക് വിട്ടു കിട്ടിയ ജനറൽ ആശുപത്രി, കൃഷി ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഉളള സേവനങ്ങൾക്ക് മുൻഗണന ഉണ്ടാകും. മാലിന്യം പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കെതിരെ പിഴയും, പ്രോസിക്യൂഷനും കർശനമാക്കാനും കൗൺസിൽ തീരുമാനിച്ചു. പുതിയ ഭരണ സമിതി ചുമതല ഏറ്റെടുത്ത ശേഷം പിഴ ഇനത്തിൽ 1.5 ലക്ഷം രൂപയോളം ഈടാക്കിതായി നഗരസഭാ ചെയർമാൻ കൗൺസിൽ യോഗത്തെ അറിയിച്ചു. സ്ഥാപനങ്ങൾ മാലിന്യങ്ങൾ തരംതിരിച്ച് നൽകണമെന്ന തിരുമാനവും കൗൺസിലിൽ ഉണ്ടായി. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഫീസ് ഈടാക്കുന്നതടക്കമുളള വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകാം.