പത്തനംതിട്ട: ഗ്രൂപ്പുകളെ ഇല്ലാതാക്കിയാണ് പുന:സംഘടനയെന്ന് കെ.പി.സി.സി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഉള്ളിൽ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ എ വിഭാഗം നേതാക്കൾ. മുതിർന്ന എ ഗ്രൂപ്പ് നേതാക്കളായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ് എന്നിവർ കെ.പി.സി.സി ഭാരവാഹിത്വം പ്രതീക്ഷിച്ചിരുന്നു. നിലവിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് ശിവദാസൻ നായർ. പി.മോഹൻരാജ്, ജയവർമ്മ, റെജി തോമസ്, കെ.കെ.റോയ്സൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും. പുതിയ പട്ടികയിൽ ജില്ലയിൽ എ ഗ്രൂപ്പിൽ നിന്ന് ആരുമില്ല. എെ ഗ്രൂപ്പിലെ പഴകുളം മധു കെ.പി.സി.സി ജനറൽ സെക്രട്ടറിയായും ജോർജ് മാമ്മൻ കൊണ്ടൂർ എക്സിക്യൂട്ടീവ് അംഗമായും തുടരും.
ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചത് വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന് പരസ്യമായി വിമർശിച്ചതിന് സസ്പെൻഷൻ നേരിട്ടയാളാണ് ശിവദാസൻ നായർ. കെ.പി.സി.സി ഭാരവാഹിത്വത്തിൽ നിന്ന് അദ്ദേഹത്തെ നീക്കാൻ കാരണം പരസ്യ വിമർശനമാണെന്ന് കരുതുന്നു.
എന്നാൽ, ജില്ലയിലെ മുതിർന്ന നേതാവും ഡി.സി.സി മുൻ പ്രസിഡന്റുമായ പി.മോഹൻരാജിന് ഭാരവാഹിത്വം നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അദ്ദേഹം കടുത്ത നിരാശയിലുമാണ്. പാർട്ടിയിലെ ചുമതലയുടെ കാര്യത്തിലും തിരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാർത്ഥിയാക്കുന്നതിലും അദ്ദേഹത്തിന് പല വാഗ്ദാനങ്ങളും ലഭിച്ചിട്ടുളളതാണ്. പക്ഷെ, കാര്യത്തോട് അടുക്കുമ്പോൾ മോഹൻരാജ് തഴയപ്പെട്ടുപോകുന്നു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായി തുടരുകയായിരുന്നെങ്കിലും കാര്യമായ ചുമതലകൾ ഏൽപ്പിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം പാർട്ടി പദവികൾ ഒഴിഞ്ഞിരുന്നു. മുതിർന്ന നേതാവ് ഉമ്മൻചാണ്ടി നേരിട്ടെത്തി ചർച്ച നടത്തിയതോടെ പിണക്കം മറന്ന് മോഹൻരാജ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബോർഡ്, കോർപ്പറേഷൻ തലപ്പത്തേക്ക് പരിഗണിക്കുമെന്ന് ഉറപ്പു കൊടുത്തിരുന്നു. അധികാരം ലഭിച്ചില്ലെങ്കിൽ കെ.പി.സി.സിയിലെ ഭാരവാഹിത്വം എന്നതായിരുന്നു ധാരണ. രണ്ടും നടന്നില്ല.
സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് ബാബു ജാേർജ് ഇത്തവണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായി തുടരുന്നത് സാങ്കേതികകമായി മാത്രമാണ്.
'' എല്ലാം നല്ല കാര്യത്തിനല്ലെ, നടക്കട്ടെ. ഞാൻ ആരോടും പദവികൾ ആവശ്യപ്പെട്ടിട്ടില്ല.
കെ.ശിവദാസൻ നായർ.
'' എല്ലാ പ്രവശ്യത്തെയും പോലെ തഴയപ്പെട്ടു. കൂടുതൽ ഒന്നും പറയാനില്ല.
പി.മോഹൻരാജ്.
'' പരസ്യ പ്രതികരണത്തിനില്ല.
ബാബു ജോർജ്.