തിരുവല്ല: പ്രളയത്തെ തുടർന്ന് മണിമലയാറിന്റെ തീരത്തെ കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രവും വെള്ളത്തിലായി. മലവെള്ളപാച്ചിലിൽ കെട്ടിടത്തിൽ നാലടിയോളം വെള്ളം ഉയർന്നു. ഒഴുകിയെത്തിയ ചെളി കെട്ടിടങ്ങളിലാകെ നിറഞ്ഞു. മൂന്ന് ദിവസത്തോളം വെള്ളം കെട്ടിക്കിടന്നെങ്കിലും പിന്നീട് ഒഴുകിമാറി. ജീവനക്കാർ ചേർന്ന് രണ്ട് ദിവസം കൊണ്ടാണ് മോട്ടോർ പമ്പിന്റെ സഹായത്തോടെ ഈ ചെളിയെല്ലാം നീക്കിയത്. കെട്ടിടങ്ങൾ വൃത്തിയാക്കി ഓഫീസിന്റെ പ്രവർത്തനം തുടങ്ങിയെങ്കിലും സ്ഥാപനത്തിന്റെ വളപ്പിൽ ചെളി അടിഞ്ഞുകൂടി കിടക്കുകയാണ്. അതെല്ലാം നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. സംസ്ഥാന കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ 2018ലെ പ്രളയത്തെത്തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. ഈ അനുഭവം ഉള്ളതിനാൽ മുന്നറിയിപ്പിനെ തുടർന്ന് യന്ത്ര സാമഗ്രികളും മറ്റും ജീവനക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
മുൻകരുതൽ സ്വീകരിച്ചതിനാൽ വലിയ നഷ്ടം ഒഴിവായി
മുൻകരുതൽ സ്വീകരിച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇവിടെ മണിമലയാറിന്റെ തീരത്ത് ഏക്കർകണക്കിന് കരിമ്പ് കൃഷി ചെയ്തുവരുന്നു. ഇപ്പോൾ വെള്ളക്കെട്ടിലുള്ള കരിമ്പ് കൃഷിയും ഏത്തവാഴയും പാവൽ, പടവലം, പയർ, വെണ്ട, ചീര എന്നീ പച്ചക്കറി കൃഷികൾക്കും വെള്ളം കയറിയെങ്കിലും വലിയ നാശനഷ്ടം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ശർക്കര ഉദ്പ്പാദനത്തിൽ മികച്ച നേട്ടം
വർഷംതോറും ശർക്കര ഉൽപ്പാദനത്തിലും വിപണനത്തിലും മികച്ചനേട്ടം കൈവരിക്കുന്ന സ്ഥാപനമാണ് കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം. പാവൽ, പടവലം, പയർ, വെണ്ട, ചീര എന്നിവയുടെ അതുൽപ്പാദനശേഷിയുള്ള വിത്തുകളും ഇവിടെ വികസിപ്പിച്ചെടുക്കുന്നു. പച്ചക്കറിയുടെ വിത്തുകളും കരിമ്പിന്റെ തലപ്പും വാഴക്കന്നും മരച്ചീനി തണ്ടുമെല്ലാം കർഷകർക്കായി വിൽപ്പനയും നടത്തുന്നുണ്ട്.
- 2018ലെ പ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടം