kalnjoor-padam-road-
കലഞ്ഞൂർ പാടം റോഡ് തകർന്ന നിലയിൽ

കോന്നി: വനമേഖലയോട് അതിർത്തി പങ്കിടുന്ന കലഞ്ഞൂർ പഞ്ചായത്തിലെ പാടം ഗ്രാമത്തിലെ ജനങ്ങൾ വികസനത്തിനായി കാത്തിരിക്കുകയാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള പാടം അധികമാരും കടന്ന് ചെല്ലാത്ത ഗ്രാമമാണ്. സ്ഥലത്തെ പ്രധാന കവലയായ കൊച്ചുതോട് നിന്ന് തെക്കോട്ട് പോയാൽ പാടം ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കാണാം. ചെങ്കോട്ട മുതൽ ഇടുക്കിവരെ നീളുന്ന വൻ മരങ്ങൾ ഇടതിങ്ങിയ വനത്തിലെ തേനും നെല്ലിക്കയും ശേഖരിച്ച് ജീവിച്ചിരുന്ന ഒരു കാലം ഇവിടുത്തെ ജനങ്ങൾക്കുണ്ടായിരുന്നു . നെൽപ്പാടങ്ങൾ നിറഞ്ഞു കൂടെ പച്ചക്കറി കൃഷിയും, തടിവെട്ടുമായി വന്യമൃഗങ്ങളുമായി മല്ലിട്ട് ജീവിച്ച ജനതയുടെ പിന്മുറക്കാരാണിവിടെയുള്ളത്.

പ്രദേശവാസികൾ ദുരിതത്തിൽ

പാടം പടയണിപ്പാറയിൽ നിന്ന് ഇരുട്ടുതറ കടശേരി വഴി പുനലൂർ ആലിമുക്കിന് എത്താനുള്ള റോഡിന്റെ പണികൾ മുടങ്ങി കിടക്കുകയാണ്. പടയണിപ്പാറ ജംഗ്ഷന് സമീപത്തുള്ള കലുങ്ക് ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ് പാടം, ഇരുട്ടുതറ, കുറിഞ്ഞി , വെള്ളംതെറ്റി, പ്രദേശത്തു കാട്ടാനകളുടെ ശല്യമുള്ള പ്രദേശങ്ങളാണ് പകൽ സമയത്തും കാട്ടാനകൾ ഇവിടുത്തെ ജനവാസ മേഖലക്കിലിറങ്ങുന്നുണ്ട്. പത്തനാപുരം , കലഞ്ഞൂർ , ഏനാദിമംഗലം, പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഏനാദിമംഗലം കലഞ്ഞൂർ പാടം റോഡ് പണികൾ പൂർത്തിയാക്കാൻ കഴിയാത്തതു മൂലം ഗ്രാമവാസികൾക്ക് യാത്ര ദുഷ്‌കരമാവുകയാണ്.

ഇരുട്ടുതറ തോടും തകർന്നു

ഇരുട്ടുതറ തോട് 2015 ലെ ഉരുൾ പൊട്ടലിൽ ഇടക്ക് വച്ച് മുറിഞ്ഞു ഗതിമാറിയൊഴുകുകയാണ്. ഇതിനെ തുടർന്ന് കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കർഷകർ കൃഷി ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. ഇരുട്ടുതറയിലെ അൻപതിലധികം കുടുംബങ്ങൾ കലഞ്ഞൂർ പഞ്ചായത്തിലാണ്. എന്നാൽ ഇവരുടെ വസ്തുവിന്റെ കരമടയ്ക്കാൻ പത്തനാപുരത്തു പോകണം. 1975 ന് ശേഷം ഇവിടെ താമസമാക്കിയവർക്ക് കൈവശ അവകാശ രേഖ കിട്ടിയത് കൊല്ലം ജില്ലയിലെ കടയ്കമണ്ണ് പ്രദേശ വാസികൾക്കൊപ്പമാണ്. ഇത് മൂലം സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ഇവർക്ക് ലഭ്യമല്ല. പാടത്തിനു ചുറ്റും തെളിയുന്ന വനത്തിന്റെ വിനോദ സഞ്ചാര കാഴ്ചകൾ മനോഹരമാണ്. നാടിന്റെ ജീവനാഡിയായി നാട്ടുകാരുടെ നെഞ്ചിൽ ഇടം പിടിച്ച വെള്ളചാട്ടങ്ങളുടെ ഇടം കൂടിയാണ് ഇവിടം. വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീർചാലുകളിലാണ് ഈ വെള്ളച്ചാട്ടങ്ങൾ. പുറത്തുനിന്ന് അധികം സഞ്ചാരികൾ എത്താത്ത പ്രദേശങ്ങൾ കൂടിയാണിത്.