പത്തനംതിട്ട : സ്‌കൂളുകൾ തുറക്കുന്നത് മുമ്പ് ശുചീകരണ പ്രവർത്തനം നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ നിർദേശിച്ചു. പലയിടങ്ങളിലും സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. ക്യാമ്പുകൾ പ്രവർത്തിച്ച സ്‌കൂളുകൾ ഉൾപ്പെടെയുള്ളവ 26 ന് മുമ്പായി ശുചീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. വെള്ളപ്പൊക്കത്തിൽ കെടുതികൾ സംഭവിച്ച സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധപ്രവർത്തകരുടെ സേവനം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഭാഗികമായോ പൂർണമായോ നശിച്ച വീടുകൾ, ശുചീകരണം ആവശ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തനം നടത്തേണ്ടത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കണം. ഇതിനാവശ്യമായ സഹായം തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കണം.
ജില്ലയിലെ മഴക്കെടുതി സമയങ്ങളിൽ വകുപ്പുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യണം. വെള്ളപ്പൊക്കത്തിൽ 1300 പേരെ ആളപായമില്ലാതെ ഒറ്റരാത്രി കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ കഴിഞ്ഞു. നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് താഴ്ന്നത് ആശങ്ക അകറ്റിയിട്ടുണ്ട്. പമ്പാ ഡാമിൽ ബ്ലൂ അലർട്ട് മാത്രമാണ് നിലവിലുള്ളതെന്നും കളക്ടർ പറഞ്ഞു.