റാന്നി : 2018ലെ മഹാപ്രളയത്തിൽ പമ്പയിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. മഴവെള്ളത്തോടൊപ്പം ഡാമുകൂടി തുറന്നു വിട്ടതോടെ വൻതോതിൽ മണ്ണാണ് പമ്പയാറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇത്തരത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കും വിധം ചെറു തുരുത്തുകളായി മാറിക്കൊണ്ടിരിക്കുകയാണ്. പലസ്ഥലങ്ങളിലും പുഴയുടെ നടുക്ക് മരങ്ങൾ വളർന്നു വന്നു തുടങ്ങിയിരുന്നു. 2018 ലെ മഹാ പ്രളയത്തിന് ശേഷം രണ്ടു ദിവസം നിറുത്താതെ മഴ പെയ്താൽ പുഴയിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്നതാണ് കണ്ടു വരുന്നത്. ഇതിനു പ്രധാന കാരണം പുഴയുടെ ആഴമുണ്ടായിരുന്ന പ്രദേശങ്ങളിൽ മുഴുവൻ ലക്ഷക്കണക്കിന് ടൺ മണ്ണും ചെളിയും അടിഞ്ഞതാണ്. ഒരാഴ്ച മുമ്പ് പമ്പയും അതോടൊപ്പം റാന്നിയും മറ്റൊരു മഹാ പ്രളയത്തിന്റെ വക്കുവരെ എത്തിയിരുന്നു. ഇനിയും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പമ്പയുടെ തീര പ്രദേശങ്ങൾ മുഴുവൻ വർഷംതോറും പ്രളയ ഭീതിയിൽ കഴിയേണ്ട അവസ്ഥ തുടരും. അതോടൊപ്പം സർക്കാരിനും ജനങ്ങൾക്കും വൻ നഷ്ടങ്ങളും സംഭവിക്കും. പമ്പയുടെ കൈവഴികളായ പല തോടുകളിലും ഇതേ അവസ്ഥയാണ്. സർക്കാർ തലത്തിൽ അടിയന്തരമായി പഠനം നടത്തി തുടരെയുള്ള പ്രളയങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നുള്ള ആവശ്യം ശക്തമാണ്. പുഴയിലെ മണ്ണ് സർക്കാർ നീക്കം ചെയ്യുകയോ ടെൻഡർ നടപടികൾ സ്വീകരിച്ചു സർക്കാരിൻറെ വിവിധ പദ്ധതികളിൽ പ്രയോജനപ്പെടുത്തുകയോ ചെയ്യണം. ഇതിലൂടെ പുഴയുടെ സ്വാഭാവിക നീരൊഴുക്കും വീണ്ടെടുക്കണം.