പന്തളം : പന്തളംകൊട്ടാരം നിർവാഹക സംഘത്തിന്റെ 104ാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുളനട പുത്തൻകോയിക്കൽ നാലുകെട്ടിൽ നടന്നു. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിലെ മുതിർന്ന അംഗം ഉത്തൃട്ടാതി നാൾ കേരളവർമ്മ രാജ ഉദ്ഘാടനം ചെയ്തു.
സംഘത്തിന്റെ പുതിയ ഭാരവാഹികളായി പി.ജി. ശശികുമാർ വർമ്മ (പ്രസിഡന്റ്), പ്രദീപ് കുമാർ വർമ്മ (വൈസ് പ്രസിഡന്റ്), പി.എൻ. നാരായണ വർമ്മ (സെക്രട്ടറി), എം.ആർ. സുരേഷ് വർമ്മ (ജോയിന്റ് സെക്രട്ടറി ), ദീപാ വർമ്മ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു. മകം നാൾ കേരളവർമ്മ, വിജയചന്ദ്രരാജ, രാജരാജവർമ്മ, അശോക വർമ്മ, ചന്ദ്രിക തമ്പുരാട്ടി, ദീപാ വർമ്മ, പ്രദീപ് കുമാർ വർമ്മ, എം. ആർ. സുരേഷ് വർമ്മ, നാരായണ വർമ്മ, കേരളവർമ്മ, ചിത്രാ വർമ്മ, തുടങ്ങിയവർ സംസാരിച്ചു.
ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്തിക്കൊണ്ട് ദർശനം നടത്താൻ സൗകര്യമുണ്ടാക്കുക, മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് മാളികപ്പുറത്തെ അയ്യപ്പസ്വാമിയുടെ എഴുന്നെള്ളത്ത് 2018ലെ ദേവപ്രശ്‌നവിധി അനുസരിച്ച് പൂർവാചാരപ്രകാരം ആനപ്പുറത്ത് തന്നെ നടത്തുക, പൊലീസിന്റെ നേതൃത്വത്തിലുള്ള വെർച്ച്വൽ ക്യൂ സംവിധാനം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.