തെങ്ങമം: പഴകുളം സോഷ്യൽ ഫോറസ്റ്റ് പാർക്കിനു സമീപത്തെ കനാലിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. വലിയ ദുർഗന്ധമാണ് പ്രദേശം മുഴുവൻ. ഇടക്കാലത്ത് പതിവായി മാലിന്യം തള്ളുന്ന പ്രദേശമായിരുന്നു ഇവിടം. 2020ൽ കക്കൂസ് മാലിന്യം തള്ളിയ വ്യത്യസ്ത സംഭവങ്ങളിൽ ഒന്നിലധികം വാഹനങ്ങൾ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് കക്കൂസ് മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. ഇവയൊക്കെ പിന്നീട് കോടതി ജാമ്യത്തിൽ ഇറക്കിയതോടെ വീണ്ടും മാലിന്യം തള്ളുന്നത് ആരംഭിച്ചു. പഴകുളം ഭാഗത്തെ കനാൽ പരിസരത്ത് വാഹനം നിറുത്തിയിടാനുള്ള സൗകര്യമാണ് മാലിന്യം തള്ളുന്നവർ ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. കായംകുളം, ആലപ്പുഴ ഭാഗത്തു നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യം പതിവായി അടൂർ ഭാഗത്താണ് കളയുന്നത്. വാഹനത്തിൽ പ്രത്യേകം തയാറാക്കിയ അറകളിലുള്ള മാലിന്യം റോഡരികിൽ നിറുത്തിയിട്ട ഇട്ടശേഷം ടാങ്കറിന്റെ അരികിലുള്ള പ്രത്യേക വാൽവ് തുറക്കുകയാണ് പതിവ്. നിമിഷ നേരം കൊണ്ട് മാലിന്യം പുറത്തേക്ക് വരും. അമിത വേഗത്തിലാകും ഇത്തരം മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾ പോകുന്നത്. ഇതിനാൽ ഇവ പിന്തുടരുക പ്രയാസമാണെന്ന്പൊലീസ് പറയുന്നു.