തിരുവല്ല: നഗരസഭയിലെ ഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുനിന്ന്‌ ഇടമനത്തറ കോളനിയിലേക്കുള്ള റോഡ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മണിമലയാറിന്റെ തീരപ്രദേശമായ ഇവിടെ വെള്ളപ്പൊക്കത്തിൽ ശക്തമായ ഒഴുക്കായിരുന്നു. കഴിഞ്ഞ ദിവസം മുതൽ റോഡിന്റെ കുറെഭാഗം അടർന്നുതുടങ്ങിയിരുന്നു. ടാറിംഗ് ചെയ്ത റോഡിന്റെ 50 മീറ്ററോളം ഭാഗമാണ് മണിമലയാർ കവർന്നെടുത്തത്. ഈഭാഗത്ത് നിലവിൽ റോഡില്ലാത്ത അവസ്ഥയാണ്. സാഹസികമായി നടന്നാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. ഇതുകാരണം റോഡിന്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.