പത്തനംതിട്ട: വാഴമുട്ടത്ത് അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീണയാൾക്ക് ഗുരുതര പരിക്ക്. ഓമല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാഴമുട്ടം തിണ്ടംമേനിൽ അജിമാത്യു(59)വിനാണ് പരിക്കേറ്റത്. വീഴ്ചയിൽ ഇദ്ദേഹത്തിന്റെ ഇടതുകൈയ്യും കാലും ഒടിഞ്ഞു. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം.മുകളിലെത്തിയ അജി ഒരുകുല അടയ്ക്ക പറിച്ചശേഷം അടുത്തത് അടർത്തുന്നതിനിടെ കവുങ്ങ് ഒടിയുകയായിരുന്നു. അമ്പത്അടിയോളം ഉയരത്തിൽ നിന്നും വീടിന്റെ മേൽക്കൂരയിലെ ഓടിട്ട ഭാഗത്തിനും കോൺക്രീറ്റ് ഭാഗത്തിനും ഇടയിലായാണ് വന്ന് വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് താഴെയിറക്കിയത്. ഇവരുടെ ആംബുലൻസിൽ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.