ചെങ്ങന്നൂർ: മഹാപ്രളയത്തോടെ പൂർണമായി തകർന്ന തിരുവൻവണ്ടൂർ പഞ്ചായത്ത് ഉൾപ്പടെ സംസ്ഥാനത്തെ എട്ടു പഞ്ചായത്തുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ 20 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടി കാട്ടി മടക്കി നൽകിയതായി തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിള കേരളകൗമുദയോട് പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്ത് പോലും പണം മടക്കി നൽകിയതോടെ സംസ്ഥാന സർക്കാർ വെട്ടിലായി. ജില്ലയിൽ നിന്നും തിരുവൻവണ്ടൂർ മാത്രമാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 50 പഞ്ചായത്ത് ഓഫീസുകൾ പുനരുദ്ധരിക്കാൻ നാലു ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. പ്രളയത്തിനു ശേഷം തിരുവൻവണ്ടൂരിലെ ഓഫീസ് കെട്ടിടത്തിനു പ്രവർത്തിക്കാൻ പറ്റാത്ത നിലയിലാണ്. മൂന്നു വർഷം പിന്നിടുമ്പോഴും വാടകക്കെട്ടിടത്തലേക്ക് നിലവിലെ ഓഫീസ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസിനു പുറമേ കുടുംബശ്രീ യൂണിറ്റ്, എൻജിനീയറിംഗ് വിഭാഗം, എൻ.ആർ.ഇ.ജി.എസ്., ഐ.സി.ഡി.എസ്., ഗ്രാമസേവക ഓഫീസ് അടക്കമുള്ളവ പ്രാവിൻകൂടിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആർ.ജി.എസ്.എ.യുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനും, പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചത് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. യു.ഡി.ഫ് 3, എൽ.ഡി.എഫ് 4, ബി.ജെ.പി 5, സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ് കക്ഷിനില.
.................
പ്രളയശേഷം മൂന്നു തവണ 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ തുക തീരെ കുറവായതിനാൽ അവ സർക്കാരിലേക്ക് തിരികെ പോയി. നിലവിൽ നബാർഡ് പദ്ധതിയിൽ ഓഫീസ് കെട്ടിട നിർമ്മാണത്തിനായി അഞ്ചു കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ബിന്ദു കുരുവിള
തിരുവൻവണ്ടൂർ
പഞ്ചായത്ത് പ്രസിഡന്റ്