sabarimala

പത്തനംതിട്ട : വീണ്ടും ഒരു തീർത്ഥാടന കാലത്തിലേക്ക് ഉണരുകയാണ് കാനനവാസന്റെ സവിധം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മുന്നൊരുക്കങ്ങൾ തകൃതിയായി തുടരുന്നു. ക്രമസമാധാന പാലനത്തിനും യാത്രാ സൗകര്യങ്ങൾക്കും ആരോഗ്യസംരക്ഷണത്തിനുമായി വിവിധ വകുപ്പുകൾ കൈകോർത്ത് പ്രവർത്തിക്കുകയാണ്. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളിലൂടെ...

ഡിസ്പെൻസറികൾ കൂട്ടി ആരോഗ്യവകുപ്പ്

പതിവുപോലെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഡിസ്പെൻസറികൾ ഉണ്ടാകും. സർജനും ഫിസിഷനും കാർഡിയാക് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. സ്വാമി അയ്യപ്പൻ റോഡിലും ഒരു ഡിസ്പെൻസറി ക്രമീകരിക്കും. ശബരിമല പാതയിൽ അഞ്ച് ഡിസ്പെൻസറികൾ ക്രമീകരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇത്തവണ കോന്നി മെഡിക്കൽ കോളേജ് അടക്കം പ്രയോജനപ്പെടുത്തും. പ്രധാനമായും റാന്നി പെരുനാട് താലൂക്ക് ആശുപത്രിയും പത്തനംതിട്ട ജനറൽ ആശുപത്രിയുമാണ് പ്രവർത്തിക്കുക.

പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാവിഭാഗം

പ്രസാദത്തിനായി എത്തിക്കുന്ന ശർക്കരയടക്കമുള്ള വിഭവങ്ങൾ പരിശോധന നടത്തിയാണ് കടത്തിവിടുക. ഇതിനായി പമ്പയിലും സന്നിധാനത്തും പ്രത്യേക സ്ക്വാഡും ഉണ്ട്. നിലയ്ക്കലിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉണ്ടാകും. രണ്ട് സ്ക്വാഡുകൾ ആണ് ശബരിമലയിൽ പരിശോധന നടത്തുക. ഇടത്താവളങ്ങളിലും സ്ക്വാഡുകൾ പരിശോധന നടത്തും.

ലഹരി​ക്കെതി​രെ എക്സൈസ്

മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഈ മാസം 15 മുതൽ എക്സൈസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പൂങ്കാവനത്തിൽ നിന്ന് നാല് ലിറ്റർ ചാരായവും 25 ലിറ്റർ വാഷും പിടികൂടുകയും ചെയ്തു. കോന്നി, റാന്നി, പത്തനംതിട്ട, പൊലീസും ഫോറസ്റ്റും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മണ്ഡലകാലം കഴിയുന്നതുവരെ പരിശോധന തുടരും.

മാലിന്യ സംസ്കരണ പ്ലാന്റുകളുടെ പണി തുടങ്ങി

ഒരു വർഷമായി സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇവയെല്ലാം പണി ആരംഭിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്കരണത്തിനുള്ള നിർദേശങ്ങൾ ബോർഡ് നൽകിയിട്ടുണ്ട്. ഇത്തവണ ബോർഡിന്റെ നേതൃത്വത്തിലുള്ള ലാബും പ്രവർത്തനം നടത്തും.

വെള്ളം നി​റച്ച് വാട്ടർ അതോറിട്ടി

നാളെ മുതൽ വാട്ടർ അതോറിട്ടിയുടെ ആർ.ഒ പ്ലാന്റ് കിയോസ്കുകൾ സ്ഥാപിച്ച് തുടങ്ങും. പൈപ്പുകളും പമ്പ് സെറ്റുകളുമെല്ലാം പ്രവർത്തന ക്ഷമമാക്കും. നിലയ്ക്കലിൽ ടാങ്കറുകൾ ക്രമീകരിക്കും. അടുത്ത മാസം പത്തിന് മുമ്പായി വാട്ടർ അതോറിട്ടിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.

തയ്യാറായി ഫയർഫോഴ്സ്

സന്നിധാനത്തും പമ്പയിലുമായി 120 ഫയർഫോഴ്സ് ജീവനക്കാർ ഉണ്ടാകും. സന്നിധാനത്ത് ആറ് യൂണിറ്റുകൾ പ്രവർത്തിക്കും. പ്ലാപ്പള്ളിയിലും എരുമേലിയും പന്തളത്തും ഫയർഫോഴ്സ് സൗകര്യം ഏർപ്പെടുത്തും.

വെളി​ച്ചമൊരുക്കി​ കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബിയുടെ പണി​കൾ അഞ്ചിന് മുമ്പ് പൂർത്തി​യാക്കാനാണ് ശ്രമം. ദേവസ്വം ബോർഡിനായി ലൈറ്റുകൾ ചെയ്ത് നൽകുന്നത് കെ.എസ്.ഇ.ബിയാണ്. താൽക്കാലികമായി ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കും. പമ്പയിലും സന്നിധാനത്തും താൽക്കാലിക ഓഫീസ് പ്രവർത്തിക്കും. പമ്പാ ത്രിവേണി 66 കെ.വി സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.