കോന്നി: സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി കോന്നി പഞ്ചായത്ത് കമ്മിറ്റി സ്കൂളുകളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 25ന് എല്ലാ സ്കൂളുകളുടേയും പരിസരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും സന്നദ്ധസംഘടനകളുടെയും പി.ടി.എ കമ്മിറ്റികളുടെയും സഹകരണത്തോടെ ശുചീകരിക്കും. ക്ലാസുകളിൽ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുവാൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങൾ സ്കൂളുകൾ സന്ദർശിക്കുവാനും, കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിശോധിക്കുവാൻ ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വന്നാൽ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കുവാനും തീരുമാനിച്ചു. പ്രതിരോധപ്രവർത്തനങ്ങൾ ഉറപ്പാക്കുവാൻ ആരോഗ്യവകുപ്പ്, പി.ടി.എ കമ്മിറ്റിയെ ചുമതലപ്പെടുത്തുവാനും, സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുവാൻ പരിശോധന നടത്തുവാനും, സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എൻജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധന നടത്തുവാനും യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ അപകടഭീഷണിയുള്ള പേരൂർകുളം ഗവൺമെന്റ് എൽ.പി.സ്കൂളിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബഡ്സ് സ്കൂളിലെ ഒന്നാം നിലയുടെ പണി അടിയന്തരമായി പൂർത്തീകരിക്കുവാനും, കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം സ്കൂൾ മുഖേന പൂർത്തീകരിക്കുവാനും തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജിഏബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ, വിവിധ സ്കൂളുകളിലെ ഹെഡ് മാസ്റ്റർമാർ, തദ്ദേശ സ്വയംഭരണ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.