പ്രമാടം : കോന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. കുടിവെള്ള പ്രശ്‌നത്തിനേക്കൾ കൂടുതൽ നാട്ടുകാരെ ദുരിതത്തിലാക്കുന്നത് വൈദ്യുതിമുടക്കമാണ്. മണിക്കൂറുകൾ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്. ഫോൺ വിളിച്ചാൽ വൈദ്യുതി വകുപ്പ് ഓഫീസുകളിൽ പലപ്പോഴും ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രമാടത്തും വൈദ്യുതി മുടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോന്നി, തണ്ണിത്തോട്, ചി​റ്റാർ, സീതത്തോട്, വള്ളിക്കോട്, ഏനാദിമംഗലം, കൂടൽ , കലഞ്ഞൂർ പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവാണ്.വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായ കോന്നി താലൂക്കിൽ വൈദ്യുതി ഇല്ലാതായതോടെ രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ ജനത്തിന് ഭയമാണ്. രാത്രിയിൽ പോകുന്ന വൈദ്യുതി പല ദിവസങ്ങളിലും മണിക്കൂറുകൾ വൈകിയാണ് പുന:സ്ഥാപിക്കുന്നത്. ആന, പുലി, കടുവ, പന്നി, വിഷപ്പാമ്പുകൾ എന്നിവയുടെ സാന്നിദ്ധ്യം കൂടുതലാണ് ഇവിടെ. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലയ്ക്കുന്നത് സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

വ്യാപാര മേഖലയ്ക്ക് നഷ്ടം

വൈദ്യുതിയുടെ തുടർച്ചയായുള്ള മുടക്കം പ്രദേശത്തെ വ്യാപാര, വ്യവസായ മേഖലയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ആശുപത്രികൾ, ധാന്യം പൊടിക്കുന്ന മില്ലുകൾ, നീതി സ്​റ്റോറുകൾ, ത്രിവേണി, സപ്‌ളൈകോ സൂപ്പർ മാർക്ക​റ്റുകൾ, സ്വകാര്യ സൂപ്പർമാർക്ക​റ്റുകൾ, ഫോട്ടോസ്​റ്റാ​റ്റ് കടകൾ, മൊബൈൽ ഷോപ്പുകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറാകും. നിരവധി തവണ പരാതി പറഞ്ഞ് മടുത്തെന്നും വൈദ്യുതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

............................

മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മടങ്ങുന്നത്. മലയോര മേഖലയായതിനാൽ തകരാർ സംഭവിച്ച സ്ഥലങ്ങളിൽ എത്താൻ വൈകും. അധികം വൈകാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.

(കെ.എസ്.ഇ.ബി അധികൃതർ)​