കോന്നി:താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ബോർഡ് ഇല്ലാത്തത് ബുദ്ധിമുട്ടായി. പോസ്റ്റ് ഓഫീസ് റോഡിലെ വാടക്കെട്ടിടത്തിലാണ് ഓഫീസ്. കോന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർ പഞ്ചായത്തു ബസ് സ്റ്റാൻഡിലും പോസ്റ്റ് ഓഫീസ് റോഡിലും ബസിറങ്ങി താലൂക്ക് സപ്ലൈ ഓഫീസ് അന്വേഷിച്ചു കെട്ടിടത്തിന്റെ സമീപത്തെത്തിയാലും ബോർഡ് ഇല്ലാത്തതിനാൽ ഓഫീസ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നു. റേഷൻ വ്യാപാരികൾക്ക് ഓഫീസ് പരിചിതമാണെങ്കിലും മറ്റുള്ളവർക്ക് ഓഫീസ് എവിടെയാണെന്ന് അറിയില്ല. കോന്നി താലൂക്ക് രൂപീകരിച്ച ശേഷം കോന്നിയിൽ ആദ്യം വന്ന ഓഫീസുകളിലൊന്നാണിത്. പോസ്റ്റ് ഓഫീസ് റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാമത്തെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ ഭിത്തികളിൽ ബോർഡ് ഉണ്ടെങ്കിലും കെട്ടിടത്തിന്റെ പുറത്തു ബോർഡില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.