തിരുവല്ല: ഭർത്താവിനൊപ്പം വിവാഹശേഷം കഴിഞ്ഞിരുന്ന വീടിന്റെ ഗേറ്റും പൂട്ടും പ്രധാന വാതിലിന്റെ പൂട്ടും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പൊളിച്ച് വീട്ടിൽ കയറി താമസിക്കാൻ യുവതിക്ക് തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. പെരുമ്പെട്ടി കൊറ്റനാട് രവിപുരത്ത് വീട്ടിൽ രോഹിണി സുധന്റെ ഭാര്യ റാന്നി ചേത്തക്കൽ കാവിൽ വീട്ടിൽ കെ.കെ. പ്രസന്നകുമാരിക്കാണ് ഭർതൃസഹോദരിയുടെ വീട്ടിൽ താമസിക്കാൻ അനുമതി ലഭിച്ചത്. സ്ത്രീസംരക്ഷണ നിയമപ്രകാരമുള്ള പ്രസന്നകുമാരിയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനും ഭർതൃസഹോദരി രമണിരാജുവിനും എതിരെ ഫയൽ ചെയ്ത കേസിലാണ് തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് രേഷ്‌മ ശശിധരന്റെ ഉത്തരവ്. രമണിരാജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഹർജിക്കാരിയെ താമസിപ്പിക്കണമെന്നുള്ള കോടതി ഉത്തരവ് പാലിക്കാതെ എതിർകക്ഷികൾ വീടും ഗേറ്റും പൂട്ടിയതിനെ തുടർന്ന് ഹർജിക്കാരി കോടതിയെ സമീപിച്ചു. കോടതി ഉത്തരവുമായി പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തിയിട്ടും വീട് തുറന്നുകൊടുക്കാൻ ഭർത്താവും സഹോദരിയും തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരി ഗേറ്റിന്റെ പൂട്ടും പ്രധാനവാതിലിന്റെ പൂട്ടും പൊളിച്ച് അകത്തുകടക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി വീടിന്റെ ഗേറ്റും പൂട്ടും പൊളിച്ചു പ്രസന്നകുമാരിയെ വീട്ടിൽ കയറ്റി താമസിപ്പിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ അഭിലാഷ് ചന്ദ്രൻ, നിഷ കൃഷ്‌ണ എന്നിവർ കോടതിയിൽ ഹാജരായി.