തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകളുടെയും ജലസ്രോതസുകളുടെയും ശുചീകരണം തുടങ്ങി. പഞ്ചായത്തിലെ 1,672 കിണറുകളാണ് വെള്ളം കയറി മലിനമായത്. ഇവയെല്ലാം പഞ്ചായത്ത് നേരിട്ട് വൃത്തിയാക്കി സൂപ്പർ ക്ലോറിനേഷൻ ചെയ്യും. ഇടിഞ്ഞുവീണ് നാശമുണ്ടായ 80 കിണറുകളുടെ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കും. ഇതിനായി പഞ്ചായത്ത് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയോളം ചെലവഴിക്കുമെന്ന് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള അറിയിച്ചു. പൂർണമായി മുങ്ങിയത് ഒന്നും രണ്ടും വാർഡുകളായിരുന്നു. ഇവിടുത്തെ വീടുകളെല്ലാം വൃത്തിയാക്കിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർ മടങ്ങിയെത്തി താമസം തുടങ്ങി. 17 ക്യാമ്പുകൾ ഉണ്ടായിരുന്നെങ്കിലും ആളുകൾ വീടുകളിലേക്ക് മാറിയതോടെ നിലവിൽ ഏഴെണ്ണമേയുള്ളൂ. താലൂക്കിൽ ഏറ്റവുമധികം ക്യാമ്പുകൾ പ്രവർത്തിച്ചത് ഇരവിപേരൂരിലായിരുന്നു. വള്ളംകുളം, പൂവപ്പുഴ, മണ്ണീട്ടിൽപ്പടി, പുലയക്കുന്ന്, തറശേരി, പ്രയാറ്റുകടവ്, അംബേദ്കർ കോളനി, ചെങ്ങാമണ്ണിൽ കോളനി, മുളങ്കൂട്ടം, പാറക്കുഴി, ചെറുതോട്, കാരുവള്ളി, പുതുക്കുളങ്ങര, പൂതക്കുഴി, തോട്ടപ്പുഴ എന്നിവിടങ്ങളിലെ വീടുകളും ശുചിയാക്കിവരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ രാഷ്ടീയ കക്ഷികളും സന്നദ്ധസംഘടനകളും ചേർന്നാണ് വൃത്തിയാക്കുന്നത്. തിരുവാമനപുരം പാലത്തിന് ചുവട്ടിൽ നീരൊഴുക്കിന് തടസമായിരുന്ന മാലിന്യങ്ങൾ നീക്കുന്ന ജോലികളും തുടങ്ങി. പാലത്തിന് അടിയിൽ രണ്ടരയേക്കറിലെ പുല്ലിൻകൂട്ടം മാറ്റുന്ന ജോലികൾ ചെറുകിട ജലസേചന വകുപ്പാണ് നടത്തുന്നത്. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മുളങ്കാടും മാലിന്യങ്ങളും നീക്കുന്നത്. തടസങ്ങൾ നീക്കാൻ കൂടുതൽ മണ്ണുമാന്തി വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
-----------
കിണറുകൾ
മലിനമായത് - 1,672
ഇടിഞ്ഞുവീണത് - 80