പന്തളം : പൂഴിക്കാട് വല്യയ്യത്ത് കോളനിയിലേക്കും മറുഭാഗത്തുള്ള വീടുകളിലേക്കും എത്തുവാനുള്ള വഴി വെള്ളം നിറഞ്ഞുതന്നെ കിടക്കുകയാണ്. വല്യയ്യത്ത് കോളനിനിവാസികളായ 15 കുടുംബങ്ങൾക്ക് പുറത്തേക്കിറങ്ങാനാകില്ല. കല്ലുമുക്കേൽ വിജയന്റെ വീടിന്റെ മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞുപോയി. കല്ലുമുക്കേൽ തമ്പിയുടെയും രാഘവന്റെയും വീടുകൾക്ക് നാശനഷ്ടമുണ്ടായി. കോളനിയിലെ പല വീടുകളും അപകടത്തിലാണ്. പൂവണ്ണേത്ത് മധുസൂദനന്റെ വീടിന്റെ ഭിത്തിക്കും അടിത്തറയ്ക്കും വിള്ളൽ വീണിട്ടുണ്ട്. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ മുടിയൂർക്കോണം, ചേരിക്കൽ ഭാഗത്തുനിന്ന് വെള്ളം ഇറങ്ങുന്നതേയുള്ളു. പ്ലാവിള, ചേരിക്കൽ, പുതുമന ഭാഗത്തെ വീടുകൾ പലതും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. പൂഴിക്കാട് വല്യത്ത് ഭാഗത്തുള്ള വീടുകളും പ്രളയ ബാധിത പ്രദേശങ്ങളും കൗൺസിലർമാരായ അഡ്വ. രാധാകൃഷ്ണനുണ്ണിത്താൻ, ലസിതാ നായർ എന്നിവർ സന്ദർശിച്ചു.