24-moorkhan
മലവെള്ളം കുട്ടനാട്ടിലെത്തിയെങ്കിലും വന്യജീവികൾക്ക് പ്രിയം ചെങ്ങന്നൂർ

ചെ​ങ്ങന്നൂർ : കുതിച്ചെത്തിയ മലവെള്ളം കുട്ടനാട്ടിൽ എത്തിയിട്ടും ഇതോടൊപ്പം കിഴക്കൻ വനമേഖലയിൽ നിന്ന് വന്ന കരിമൂർഖനും നക്ഷത്ര ആമയും ചെങ്ങന്നൂരിൽ. പുലിയൂർ പഞ്ചായത്ത് തോനയ്ക്കാട് പത്താം വാർഡിൽ കരിപ്രം, ചാത്തമേൽ കുറ്റിയിൽ ഗോപിയുടെ വീടിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. അച്ചൻകോവിലാറ് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയ ഗോപിയുടെ വീട് കഴിഞ്ഞ 5 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ക്യാമ്പിൽ നിന്ന് ഗോപിയും മകനും വീട് ശുചീകരിക്കാൻ എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മെത്തയ്ക്കിടയിൽ നിന്ന് കരിമൂർഖൻ പത്തിവിടർത്തി എഴുന്നേറ്റത്. ഭയന്നു പോയ ഇവർ വാതിൽ അടച്ച് പുറത്തിറങ്ങി അയൽവാസികളെ അറിയിച്ചു. തുടർന്ന് പൊലിസിൽ വിവരം അറിയിച്ചു. പൊലിസ് അറിയിച്ചതനുസരിച്ച് പാമ്പുപിടുത്ത വിദഗ്ദ്ധനായ ആലാ പൂമല പറങ്കാമൂട്ടിൽ സാം ജോൺ എത്തി മൂർഖനെ പിടികൂടി.

പമ്പയുടെ തീരത്തുള്ള പാണ്ടനാട് പ്രയാർ മുള്ളേലിൽ എം.സി. അജയകുമാറിന്റെ വീട്ടുവളപ്പിലാണ് അപൂർവയിനം നക്ഷത്ര ആമ എത്തിയത്. മഞ്ഞ നിറത്തിലുള്ള പുറന്തോടിൽ നക്ഷത്ര അടയാളത്തോടു കൂടിയ ആമയെ അജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് ആദ്യം കണ്ടത് . തുടർന്ന് വാർഡ് അംഗം ജയിൻ ജിനുവിനെയും ചെങ്ങന്നൂർ പൊലീസിനെയും അറിയിച്ചു.

ചെങ്ങന്നൂർ എസ്. ഐ. നിധീഷിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് ഇത് നക്ഷത്ര ആമയാണെന്ന് സ്ഥിരീകരിച്ച​ത്.

ആമയെയും കരിമൂർഖനെയും വനംവകുപ്പിന് കൈമാറി.

നക്ഷത്ര ആമ 'മിന്നുംതാരം'


ചെങ്ങന്നൂരിൽ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ നക്ഷത്ര ആമ അപൂർവ ഇനത്തിൽപ്പെട്ടതാണ്. രൂപഘടന കൊണ്ട് മനോഹരമാണ് ഇതിന്റെ പുറന്തോട് . പുല്ല് മേഞ്ഞു നടക്കാനാണിവയ്ക്ക് ഇഷ്ടം. വലിപ്പം 20 മുതൽ 30 സെ.മീറ്റർ വരെ. പരമാവധി തുക്കം 1.3 കി.ഗ്രാം 2 .2 കി.ഗ്രാമുമാണ്. മണിക്കൂറിൽ 0.05 കി.മീറ്റർ സഞ്ചാരവേഗമുള്ള ഈ ആമയ്ക്ക് 30​80 വർഷം വരെ ആയുസുണ്ടാവും. തനിയെ ജീവിക്കുന്നവയാണ് കൂടുതലും. ധാരാളമായി വേട്ടയാടപ്പെടുന്നതിനാൽ സംരക്ഷിത ജീവിയാണ്. പറവകളും പാമ്പും മനുഷ്യനുമെല്ലാം ഇവയുടെ ശത്രുക്കളാണ്. പച്ച, കറുപ്പ് , തവിട്ട് , മഞ്ഞ മുതലായ നിറങ്ങളിൽ കാണപ്പെടുന്നു. അനധികൃത മൃഗക്കടത്തു വിപണിയിൽ നക്ഷത്ര ആമകൾക്ക് പ്രിയമേറെയാണ്. ലക്ഷങ്ങളാണ് വില. ഓമന മൃഗമായി വളർത്തുവാനും ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസം മൂലവുമാണ് ഇവ അധികവും വേട്ടയാടപ്പെടുന്നത്. ഇവ ജിയോക്കി​ലോന്ന ജനുസിൽപ്പെ​ടുന്നു.