പത്തനംതിട്ട : ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മന്നോടിയായി പത്തനംതിട്ട ഇടത്താവളത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ വിലയിരുത്തി. അയ്യപ്പഭക്തർക്ക് താമസിക്കുന്നതിനും, പ്രാഥമിക ആവശ്യങ്ങൾക്കായും വേണ്ട സൗകര്യങ്ങൾ ക്രമീകരിക്കും. അന്നദാനത്തിനുള്ള ക്രമീകരണവും ഉണ്ടാകും. മണ്ഡല മകരവിളക്ക് കാലയളവിൽ വൈദ്യുതി, ജല വിതരണത്തിന് ഇടത്താവളത്തിൽ തടസങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേരള വാട്ടർ അതോറിട്ടിക്കും വൈദ്യുതി ബോർഡിനും നഗരസഭാ ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, റവന്യൂ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവരും ചെയർമാന് ഒപ്പമുണ്ടായിരുന്നു.