water
ആങ്ങമൂഴി കോട്ടമൺപാറ പാലത്തിന് മുകളിലൂടെ ഉരുൾപൊട്ടി വെള്ളം ഒഴുകുന്നു

പത്തനംതിട്ട: ജില്ലയുടെ വനമേഖലയിൽ ഇന്നലെ വൈകിട്ട് അതിശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായി. സീതത്തോട് ആങ്ങമൂഴി കോട്ടമൺപാറയിലും കുരുമ്പൻമൂഴിയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല.

കോട്ടമൺപാറ അടിയാൻകാല തോടിന് സമീപം താമസിക്കുന്ന ലക്ഷ്മിഭവനിൽ സഞ്ജയന്റെ സ്വിഫ്റ്റ് കാറാണ് ഒഴുകിപ്പോയത്. വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാർ തോട് കവിഞ്ഞൊഴുകിയ വെള്ളത്തിൽ സമീപത്തെ കക്കാട്ടാറിൽ പതിച്ചു. ഇരുട്ടും മഴയും കാരണം കാർ കണ്ടെത്താനുള്ള ഇന്നലത്തെ ശ്രമം വിഫലമായി. സഞ്ജയന്റെ വീടിന് സമീപത്തെ റബർ ഷീറ്റ് പുര തകർന്നു. റബർ ഷീറ്റടിക്കുന്ന റോളറും ഒഴുകിപ്പോയി. സമീപത്തെ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭിത്തികൾ ഇടിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അടിയാൻകാലയ്ക്ക് സമീപത്തായുള്ള മലയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് കരുതുന്നു. തോട്ടിലെ വെള്ളം കറുത്ത് കലങ്ങിയാണ് ഒഴുകുന്നത്. പ്രദേശത്ത് കനത്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നു. വനത്തിനുള്ളിൽ പല ഭാഗത്തും ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ സംശയിക്കുന്നു. കക്കാട്ടാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

കുരുമ്പൻമൂഴിയിൽ വീടുകൾ ഒറ്റപ്പെട്ടു

പമ്പാനദിയുടെ തീരത്ത് ചാത്തൻതറയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കുരുമ്പൻമൂഴിയിൽ പനംകൊടുന്ത അരുവിക്കു സമീപം നാക്കുമുരുപ്പേൽ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പനംകൊടുന്ത തോട് ഇരുകരകളും കവിഞ്ഞ് വെള്ളമെത്തി. ഇവിടെയുള്ള നാല് വീട്ടുകാർ ഒറ്റപ്പെട്ടു. ഇവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അറിയുന്നു. പ്രദേശത്ത് രാത്രി വൈകിയും മഴ തുടരുകയാണ്. വൈദ്യുതി നിലച്ചു. അടിയന്തര സഹായത്തിനായി റാന്നിയിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി. ശക്തമായ ഒഴുക്കിൽ കുരുമ്പൻമൂഴി കോസ് വെ മുങ്ങി.

''രണ്ട് മിനിട്ടിൽ എല്ലാം കഴിഞ്ഞു

രണ്ട് മിനിട്ട് കൊണ്ട് എല്ലാം കഴിഞ്ഞു. പ്രളയത്തിൽ പോലും വെള്ളം കയറാത്ത സ്ഥലമായിരുന്നു. കാർ കക്കാറിലൂടെ ഒഴുകിപ്പോകുന്നത് കണ്ടവരുണ്ട്. റബർ റോളറും പുകപ്പുരയും ഒഴുകിപ്പോയി. വീട് തോട്ടിൽ നിന്ന് ഉയരത്തിലായതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല.

സഞ്ജയൻ,

ഒഴുകിപ്പോയ കാറിന്റെ ഉ‌ടമ