ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ വാതിൽപ്പടി റേഷൻ വിതരണം ഇനിയും തുടങ്ങിയില്ല. 128 കടകളുള്ള താലൂക്കിൽ 10 കടകളിൽ മാത്രം ഭാഗികമായി വിതരണം നടത്തി. ഒക്ടോബർ മാസം അവസാനിക്കാൻ ഒരാഴ്ച അവശേഷിക്കേ വിതരണം തുടങ്ങാത്തത് ശരാശരി 45,000​നടുത്ത് വരുന്ന കാർഡുടമകളെ ബുദ്ധിമുട്ടിലാക്കി. തൊഴിൽ തർക്കങ്ങളും മറ്റും പരിഹരിച്ച ശേഷവും വിതരണം ആരംഭിക്കാത്തതിന് കാരണം ബന്ധപ്പെട്ടവരുടെ വീഴ്ചയാണെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കു​ന്നു. വിതരണം നടത്തേണ്ട ചെറിയനാട് എൻ.എഫ്.എസ്.എ. ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന ഓഫീസർ കെ.ബാബുവിന്റെ മരണ​ത്തെ തുടർന്ന് പുതിയ ഓഫിസറെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. എന്നാൽ നിലവിലെ സ്റ്റോ​ക്കും, കണക്കും പരിശോധിച്ച ശേഷം മാത്രമേ വിതരണം പുനരാരംഭിക്കാനാകൂ എന്ന
നിലപാടിലാണ് സപ്ലൈകോ. കരാറുകാരനും തൊഴിലാളികളും തമ്മിൽ വാതിൽപടി വിതരണത്തെചൊല്ലിയുള്ള
തർക്കത്തെ തുടർന്ന് ഗോഡൗണിൽ നിന്നുള്ള ചരക്കു നീക്കം നേരത്തെ പ്രശ്‌​നത്തിലായിരുന്നു തുടർന്നു കരാറു​കാരൻ ഹൈക്കോടതിയെ സമീ​പിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തു. പൊലീസ് സംരക്ഷണത്തോടെ വിതരണം നടത്താൻ കോടതി
ഉത്തരവിട്ടിരുന്നു. പിന്നെയും വിതരണം പ്രതിസന്ധിയിലായതോടെ മന്ത്രി സജി ചെറിയാൻ ഇടപെട്ടു തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി വിതരണം തടസപ്പെടരു​തെന്ന് നിർദ്ദേശിച്ചു. ഇതിനു ശേഷമാണ് 10 കടകളിൽ താത്കാലിക വിതരണം നടത്തിയത്.

മന്ത്രിതല ചർച്ചയ്ക്കു ശേഷവും കഴിഞ്ഞാഴ്ച വിതരണം വീണ്ടും തടസപ്പെട്ടു. തൊഴിൽ ചെയ്യാൻ തയാറാണെന്നും ഉദ്യോഗസ്ഥർ ഗോഡൗൺ പൂട്ടിയിടുകയായിരുന്നെന്നും തൊഴിലാളികൾ ആരോപിച്ചു. തുടർന്ന് പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ
ആവശ്യങ്ങളിൽ നിന്ന് താത്കാലികമായി പിൻമാറുന്നെന്നും ജോലി ചെയ്യാൻ
തയാറാണെന്നും തൊഴിലാളി നേതാക്കൾ പ്രസ്താവനയിറക്കിയിരുന്നു.
എന്നാൽ സ്റ്റോക്ക്, കണക്ക് പരിശോധനയ്ക്കു ശേഷമേ വിതരണം തുടങ്ങാൻ കഴിയൂ എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. അല്ലാത്തപക്ഷം ചുമതലയേൽക്കുന്നയാൾക്ക് ബാദ് ധ്യതകളുണ്ടാകുമെന്നും പരിശോധന വേളയിൽ കുറവുണ്ടായാൽ നടപടി നേരിടേണ്ടി വരുമെന്നമുള്ള ആശങ്കയിലാണ് ഉദ്യോഗസ്ഥർ. വിഷയത്തിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്.

അടിയന്തിരമായി റേഷൻ വിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു.


റേഷൻ ലഭിക്കാതെ 80 ശതമാനം ഗുണഭോക്താക്കൾ

നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ കിട്ടുന്നതിനാൽ പ്രതിസന്ധിയില്ല. എന്നാൽ അവശേഷിക്കുന്ന 80 ശതമാനത്തോളം ആളുകളും പല തവണ റേഷൻ കടകൾ കയറിയിറങ്ങി വലഞ്ഞ സ്ഥിതിയിലാണ്. വിതരണം പുനരാരംഭിക്കാത്ത പക്ഷം ഈ മാസത്തെ കേന്ദ്രവിഹിതവും മുടങ്ങാൻ സാദ് ധ്യതയുണ്ട്. മറ്റിടങ്ങളിൽ സ്റ്റോക്ക് ചെയ്തു വിതരണം നടത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. തർക്കങ്ങൾ പ്രത്യക്ഷത്തിൽ പരിഹരിച്ചെങ്കിലും തൊഴിലാളി- ​ഉദ്യോഗസ്ഥ സംഘടനകൾക്കുള്ളിൽ പ്രശ്‌​നം പൂർണമായും കെട്ടടങ്ങാത്തതും വിതരണത്തെ ബാധിച്ചതായി സൂചനയുണ്ട്.