പത്തനംതിട്ട: മൈലപ്ര മേക്കൊഴുർ പുതുവേലിപ്പടിയിൽ തടി കയറ്റിക്കൊണ്ടുവന്ന ലോറി ഓട്ടോറിക്ഷയുടെ മീതെ മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഉതിമൂട് സ്വദേശിയായ ഒാട്ടോഡ്രൈവർ ഷൈജു (40) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഉതിമൂട് കോയിക്കോട്ട് രാജേഷ് (40), ലോറിയിൽ ഉണ്ടായിരുന്ന കുമ്പഴ തറയിൽ വീട്ടിൽ ജയൻ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 നാണ് സംഭവം. മൈലപ്ര പഞ്ചായത്തിലെ മേക്കോഴൂർ റോഡ് വളവിലായിരുന്നു അപകടം. ഈ റോഡിലേക്ക് ഇടറോഡിലെ ഇറക്കം ഇറങ്ങിവരികയായിരുന്ന തടി കയറ്റിയ ലോറി നിയന്ത്രണംവിട്ട് അതേ ദിശയിലേക്ക് വരികയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ലോറിയിലെ പകുതി തടി സമീപത്തെ മതിലിൽ ഇടിച്ചുനിന്നു. രണ്ട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി , ഇതിനടിയിലായിപ്പോയ ഓട്ടോ വടം കെട്ടി വലിച്ച് പുറത്തെടുത്തതിന് ശേഷം ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.