local
കുമ്പളാംപൊയ്ക - അട്ടച്ചാക്കൽ റോഡിൽ കിഫ്ബി വിദഗ്ധർ വിശദ പരിശോധന നടത്തുന്നു

പത്തനംതിട്ട: നിർമ്മാണത്തിൽ അഴിമതി ആരോപിക്കപ്പെട്ടതിനെ തുടർന്ന് കുമ്പളാംപൊയ്ക - അട്ടച്ചാക്കൽ റോഡിൽ കിഫ്ബി വിദഗ്ധർ വിശദ പരിശോധന നടത്തി. 13 കിലോമീറ്റർ റോഡിനായി 14,62,54,577.40 രൂപ അനുവദിച്ച പാത ബി.എം ബി.സി
സാങ്കേതിക വിദ്യയിൽ പണി തീർക്കുന്നതിനായിരുന്നു ടെൻഡർ. റോഡ് നിർമ്മാണത്തിന് ഉന്നത നിലവാരം ഇല്ലെന്ന് ആരോപിച്ച് അനേഷണം ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ നൽകിയ പരാതിയിലാണ് നടപടി. റോഡിൽ ഒൻപത് ഇടം കുഴിച്ചു പരിശോധന നടത്തിയ കിഫ്ബി സംഘം സാമ്പിളുകൾ പരാതിക്കാരന്റെ സാന്നിദ്ധ്യത്തിൽ ശേഖരിച്ചു. റോഡിന് നിഷ്കർഷിച്ചിരുന്ന എട്ട് സെന്റിമീറ്റർ കനം എട്ടിടത്തുമില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് ഭാഗത്ത് മാത്രമാണ് എട്ട് സെന്റിമിറ്റർ ഉള്ളത്. മറ്റിടങ്ങളിൽ ആറ് - ഏഴ് സെന്റിമീറ്റർ കനമാണുള്ളത്. കരാറുകാരുടെ പ്രതിനിധികളെയും വിളിച്ചു വരുത്തിയിരുന്നു. അന്തിമ റിപ്പോർട്ടിന് ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കിഫ്ബി അധികൃതർ അറിയിച്ചു.