പത്തനംതിട്ട : റാന്നി കുരുമ്പൻമൂഴിയ്ക്കടുത്ത് പനംകുടുന്തേനരുവിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട അഞ്ച് കുടുംബങ്ങളെ രക്ഷപെടുത്താൻ അഗ്നിരക്ഷാസേന നേരിട്ടത് വലിയ വെല്ലുവിളി. ആറ് മണിക്കൂറാേളം രക്ഷാ പ്രവർത്തനം നീണ്ടു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടിയെന്നും അവിടെയുള്ള കുടുംബങ്ങളുടെ സ്ഥിതി എന്താണെന്ന് അറിയില്ലെന്നും പ്രദേശവാസിയായ മാത്യു റാന്നി ഫയർഫോഴ്സ് യൂണിറ്റിലേക്ക് ഫോൺ വിളിച്ചുപറഞ്ഞത്.
കോളനിയിലേക്കുള്ള പ്രധാന റോഡായ കുരുമ്പൻമൂഴി കോസ് വെ മുങ്ങിക്കൊണ്ടിരുന്നതിനാൽ അതുവഴി ചെന്ന് കുടുംബങ്ങളെ രക്ഷിക്കുക പ്രയാസകരമായിരുന്നു. പകരം അഗ്നിരക്ഷാസേന തിരഞ്ഞെടുത്തത് പെരുന്തേനരുവി ഡാമിന്റെ ഒരു വശത്ത് നിന്ന് കൊടുംവനത്തിലൂടെയുള്ള മാർഗമായിരുന്നു. കല്ലുകളും ചെളിയും നിറഞ്ഞ് കുത്തുകയറ്റവും ഇറക്കവുമുള്ള വനത്തിലേക്ക് ഫയർഫോഴ്സ് വാഹനങ്ങൾ കയറില്ലായിരുന്നു. പകരം നാട്ടുകാർ കൊണ്ടുവന്ന രണ്ടു ജീപ്പുകളിലാണ് രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായി റാന്നി യൂണിറ്റിലെ 15അംഗങ്ങൾ കുരുമ്പൻമൂഴിയിലേക്ക് പോയത്. രാത്രി ഏഴ് മണിയോടെ ഇരുട്ട് നിറഞ്ഞ ഉൾവനത്തിലേക്ക് കയറി. വഴിയുടെ ഒരു വശത്ത് നിറഞ്ഞൊഴുകുന്ന തോടും മറുവശത്ത് കൊടുംവനവുമായിരുന്നു. മഴ ഇടമുറിയാതെ പെയ്യുന്നതിനിടെ വീണ്ടും ഉരുൾപൊട്ടുമോ എന്ന ഭീതിയിലായിരുന്നു അഗ്നിരക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും. രണ്ട് കിലോമീറ്ററോളം മുന്നോട്ടു ചെന്നപ്പോൾ പനംകുടുന്തേനരുവി കോളനിയിലേക്ക് കയറാൻ തോടിന് കുറുകെ നിർമ്മിച്ച പാലം കാണാനില്ലായിരുന്നു. മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപ്പോയി. അരയ്ക്ക് മേൽ വെള്ളം നിറഞ്ഞ തോട്ടിലൂടെ നടന്ന് സേനാംഗങ്ങളും സഹായികളും മറുകരയെത്തി.
ഇരുട്ടിൽ അഗ്നി രക്ഷാസേനയുടെ അസ്കാ ലൈറ്റ് തെളിച്ചപ്പോഴാണ് ഉരുൾപൊട്ടിയതിന്റെ ഭീകരത മനസിലായതെന്ന് റാന്നി അസി. സ്റ്റേഷൻ ഒാഫീസർ കെ.ജി സന്തോഷ് കുമാർ പറഞ്ഞു. കോളനിയിൽ മലമുകളിലെ വീടുകളുടെ പരിസരങ്ങളിൽ വലിയ പറക്കല്ലുകളും ചെളിയും ഒഴുകി നിറഞ്ഞു. പരിസരത്ത് നിന്ന കമുകും പ്ളാവിന്റെ കമ്പുകളും വെട്ടി തോടിന് കുറുകെ രണ്ട് താൽക്കാലിക പാലങ്ങളുണ്ടാക്കി. അഞ്ച് കുടുംബങ്ങളായി 21ആളുകളാണ് അവിടെയുണ്ടായിരുന്നത്. താൽക്കാലിക പാലത്തിലൂടെ മറുകരയിലേക്ക് പോകണമെന്ന് ആളുകളോട് പറഞ്ഞെങ്കിൽ ഇറങ്ങിവരാൻ അവർ ഒരുക്കമല്ലായിരുന്നു. അപകടാവസ്ഥ ബോധ്യപ്പെടുത്തിയപ്പോഴാണ് അവർ തയ്യാറായത്. പ്രായമായവരെയും നടക്കാൻ പ്രയാസമുള്ളവരെയും രക്ഷാപ്രവർത്തകർ കൈകൾ കോർത്ത് പിടിച്ച് മറുകരയെത്തിച്ചു. കൈക്കുഞ്ഞുങ്ങളും ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നു. കുരുമ്പൻമൂഴി കമ്മ്യൂണിറ്റി സെന്ററിന് സമീപമുള്ള വീടുകളിൽ എല്ലാവരെയും താൽക്കാലികമായി മാറ്റിപ്പാർപ്പിച്ച് അഗ്നിരക്ഷാസേന മടങ്ങുമ്പോൾ രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു.
രക്ഷാപ്രവർത്തകർക്ക് അപകടം പറ്റിയാൽ കോളനിയിലേക്ക് പോകാൻ ഫയർഫോഴ്സ് പത്തനംതിട്ട സ്റ്റേഷൻ ഒാഫീസർ ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം പെരുന്തേനരുവിയിൽ ക്യാമ്പ് ചെയ്തിരുന്നു.
അടുത്തകാലത്തായി ജില്ലയിൽ ഫയർഫോഴ്സ് ഏറ്റെടുത്ത വലിയ ദൗത്യമാണ് പനംകുടുന്തേനരുവിയിലേതെന്ന് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച ജില്ലാ ഫയർ ഒാഫീസർ ബി. ഹരികുമാർ പറഞ്ഞു.
അഞ്ച് കുടുംബങ്ങളിലെ 21 ആളുകളെ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി