കോന്നി/റാന്നി : ജില്ലയിൽ ഉരുപ്പപൊട്ടലുണ്ടായ സീതത്തോട് കോട്ടമൺപാറയും റാന്നി കുരുമ്പൻമൂഴിയും മന്ത്രി വീണാജോർജും ജനപ്രതിനിധികളും സന്ദർശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ഉൾക്കൊണ്ട് ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയാറായതിനാലാണ് ഉരുൾപ്പൊട്ടലിൽ ആളപായ സാദ്ധ്യത ഒഴിവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച കോന്നി മണ്ഡലത്തിലെ സീതത്തോട് കോട്ടമൺപാറ ലക്ഷ്മിഭവനിൽ സഞ്ജയന്റെ വീട്, ആങ്ങമൂഴി കോട്ടമൺ പാറ റോഡിലെ പാലം എന്നിവിടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ മഴ പെയ്യാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കൃത്യമായി ഉൾക്കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങൾ മാറണം. അതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ആങ്ങമൂഴി കോട്ടമൺ പാറ പാലത്തിന്റെ ബലം തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം ഉടൻ പരിശോധിക്കും. പി.ഡബ്ല്യൂ.ഡി ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എം.പി, അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. പ്രമോദ്, ആർ.ആർ ഡെപ്യൂട്ടി കളക്ടർ ബി. ജ്യോതി, കോന്നി തഹസിൽദാർ കെ. ശ്രീകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സതി കുരുവിള, വസന്ത ആനന്ദൻ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ഹരിദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
രക്ഷാദൗത്യം വിജയം
റാന്നി കുരുമ്പൻമൂഴിയിൽ പനംകുടന്ത അരുവിക്ക് സമീപവും കോന്നി സീത്തോട് കോട്ടമൺപാറയിലും ഉണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് സർക്കാർ വകുപ്പുകൾ നടത്തിയത് മികച്ച ഏകോപനത്തോടെയുള്ള മാതൃകാ രക്ഷാദൗത്യം. ഇവിടെ രണ്ടിടങ്ങളിലുമായി അഞ്ച് കുടുംബങ്ങളിലെ 26 പേരെയാണ് സാഹസികമായി രക്ഷാസംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.