raghavan-
കുരുമ്പൻ മൂഴിയിൽ വെള്ളം കയറി സാധനങ്ങൾ നശിച്ച പൂവത്തുങ്കൽ രാഘവന്റെ വീടു്

റാന്നി : കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ കുരുമ്പൻമൂഴി പനംകുടന്ത നിവാസികൾ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്. നിമിഷങ്ങൾകൊണ്ട് പാഞ്ഞെത്തിയ മലവെള്ളത്തിൽ നിന്ന് പലരും രക്ഷപെട്ടത് തലനാരിഴക്ക്. ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായും ഒരു വീട് ഭാഗികമായും തകർന്നു. ചിലമ്പിക്കുന്നേൽ മനോജിന്റെ വീടാണ് പൂർണ്ണമായും നശിച്ചത്. പൂവത്തുംമൂട്ടിൽ രാഘവന്റെ വീട് ഭാഗികമായും തകർന്നു. തോടിനോട് ചേർന്നുള്ള മനോജിന്റെ വീട് തകർന്നതോടൊപ്പം മുഴുവൻ സാധനങ്ങളും ഒലിച്ചു പോയി. ശനിയാഴ്ച ഉച്ചയ്ക്ക് ശക്തമായ മഴയ്ക്കൊപ്പം പനംകുടന്ത അരുവിക്ക് സമീപത്തായി ഉരുൾ പൊട്ടിയതാണ് നാശം വിതച്ചത്. തോടുകൾക്ക് കുറുകെ വീടുകളിലേക്കുള്ള മൂന്നു പാലങ്ങൾ തകർന്നു. അഞ്ചു വീടുകൾ ഒറ്റപ്പെട്ട അവസ്ഥയിലുമായി. തോടിന്റെ വശങ്ങൾ ഇടിഞ്ഞു പോയതിനാൽ വഴിയും ഇല്ലാതായി. കുത്തിയൊലിച്ച വെള്ളത്തിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി പ്രദേശം ഇരുട്ടിലായി. കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറിയതിനാൽ അഗ്നി രക്ഷാസേനയും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിപ്പെടാൻ ഏറെ വൈകി. ഉരുൾപൊട്ടലിൽ പനംകുടന്ത അരുവി ഗതിമാറി പൂവത്തുംമൂട്ടിൽ രാഘവന്റെ പറമ്പിലൂടെ ഒഴുകി. പറമ്പിലെ റബറും മറ്റു കൃഷിവകകളും പൂർണ്ണമായും നശിച്ചു. വീട്ടിൽ മുട്ടറ്റം വെള്ളംകയറി സാധന സാമഗ്രികൾ നശിച്ചു. പശുവിനെ അഴിച്ചു വിടുന്നതിനിടെ കൂട്ടിൽ കിടന്ന വളർത്തുനായ ഉൾപ്പടെ വെള്ളത്തിൽ ഒലിച്ചു പോയത് നോക്കിനിൽക്കാനേ കഴിഞ്ഞൊള്ളുവെന്ന് രാഘവൻ പറഞ്ഞു.

സ്ഥലം സന്ദർശിച്ച മന്ത്രി വീണാജോർജിന് മുമ്പിൽ വികാരഭരിതരായാണ് കുരുമ്പൻമൂഴി നിവാസികൾ പ്രതികരിച്ചത്. കുരുമ്പൻമൂഴി കോസ്‌വേക്ക് പകരം പാലം നിർമ്മിച്ച് നൽകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടത്.