road-
കുരുമ്പൻമൂഴിയിൽ റോഡ് ഒളിച്ചു പോയിരിക്കുന്നു

റാന്നി : കുരുമ്പൻമൂഴി പനംകുടന്തയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്തെ റോഡുകൾ ഒലിച്ചു പോയി. തോടിനോട് ചേർന്നുള്ള റോഡുകളാണ് ഒളിച്ചു പോയിരിക്കുന്നത്. തോടിനു കുറുകെ ഉണ്ടായിരുന്ന പാലങ്ങളും തകർന്നു പോയിരുന്നു. നിരവധി വീടുകൾ വഴിയില്ലാതെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇതു രക്ഷാപ്രവർത്തനത്തെ ഏറെ ദുഷ്കരമാക്കി. കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറിയതിനാൽ കുടമുരുട്ടി പെരുന്തേനരുവി റോഡിലൂടെ യാത്ര ചെയ്താണ് രക്ഷാപ്രവർത്തനത്തിനായി ആളുകൾ ഇവിടേക്ക് എത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ ഈ റോഡിൽ വെള്ളം കയറിയതുമൂലം വൻതോതിൽ ചെളികൾ നിറഞ്ഞിരിക്കുകയാണ്. ചെറുവാഹനങ്ങൾക്ക് യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അഗ്നി രക്ഷാസേന വാഹനം കടന്നു പോകാതിരുന്നതിനാൽ ഇവിടെയുള്ള ഒരാളുടെ ജീപ്പ് വരുത്തി അതിലായിരുന്നു പഞ്ചായത്ത് അധികൃതരും അഗ്നി രക്ഷാസേനാ അംഗങ്ങളും രാത്രിയിൽ സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം നടത്തി രാത്രി രണ്ടുമണിയോടെയാണ് സംഘം കാനന പാതയിലൂടെ തന്നെ കടന്നു പോയത്. പുഴയിൽ വെള്ളം ഉയർന്നാൽ കുരുമ്പൻമൂഴി നിവാസികൾ ഒറ്റപ്പെടുന്ന സ്ഥിതിയിലാണ്. ഇതിനു പരിഹാരമെന്നോണം പമ്പയ്ക്കു കുറുകെ പാലം നിർമ്മിക്കണെമെന്ന ആവശ്യം ശക്തമാണ്.