ചെങ്ങന്നൂർ : വരൾച്ചയുടെയും പട്ടാളപ്പുഴുവിന്റെയും കാലം തെറ്റിയെത്തുന്ന പ്രളയത്തിന്റെയും രൂപത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി എത്തുന്ന ദുരിതങ്ങൾ തിരുവൻവണ്ടൂരിലെ നെൽ ക്കർഷകരെ ആത്മഹത്യാ മുനമ്പിലാക്കി. പഞ്ചായത്തിലെ ഒരിപ്പു കൃഷിയെ മാത്രമാശ്രയിക്കുന്ന തിരുവൻവണ്ടൂർ, ഇരമല്ലിക്കര, എന്നീ പാടശേഖരങ്ങളിലെ 12ൽപ്പരം കർഷകരാണ് നെൽകൃഷിക്കിറങ്ങി കടക്കെണിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഇവരുടെ 10 ഹെക്ടറിൽ ചെയ്ത കൃഷിയാണ് പൂർണമായി നശിച്ചത്. 30 മുതൽ 40 ദിവസം വരെ പ്രായമുള്ള നെൽച്ചെടികൾ പ്രളയജലത്തിൽ മുങ്ങി അളിഞ്ഞു. ഉമ, ജ്യോതി എന്നീ നെൽവിത്തുകളാണ് ഇവർ കൃഷിയിറക്കിയിരുന്നത്. മഴ മാറിയിട്ടും പാടശേഖരങ്ങളിൽ ജലം കെട്ടി നിൽക്കുന്ന ഒഴുകി മാറാത്തതാണ് പ്രതിസന്ധി.ബാങ്ക് വായ്പയും, സ്വർണപ്പണയവും, ബ്ലേഡ് പലിശക്കെടുത്തും പണം സ്വരൂപിച്ചാണ് ഇവരിൽ ഭൂരിപക്ഷവും കൃഷിക്കാവശ്യമായ പണം കണ്ടെത്തിയിരുന്നത്.
70ശതമാനം നഷ്ടം
കഴിഞ്ഞ വർഷം വിളവെടുപ്പു സമയത്ത് കാലവർഷത്തിൽ 70ശതമാനം നഷ്ടമുണ്ടായി. 2017 മുതലാണ് കർഷകർക്ക് കണ്ടകശനി തുടങ്ങിയത്. ഗ്രാമ പഞ്ചായത്തിലെ അട്ടക്കുഴി, ഉമയാറ്റുകര, മഴുക്കീർ , കോലടത്തുശേരി, എന്നീ നാല് പാടശേഖരങ്ങളിൽ കൃഷി ഇറക്കുവാൻ കർഷകർ നിലം ഒരുക്കൽ, കണ്ടം പൂട്ടൽ എന്നീ ജോലികൾ പൂർത്തികരിച്ചിരുന്നു. അപ്രതീക്ഷിതമായ പ്രളയത്തെത്തുടർന്ന് ഈ പാടശേഖരങ്ങളിൽ കൃഷി ഇറക്കിയില്ല.
.....................................
നാശനഷ്ടം വിലയിരുത്തി റിപ്പോർട്ട് നൽകി : കൃഷി ഓഫീസർ
കൃഷി നാശം സംഭവിച്ച തിരുവൻവണ്ടൂർ പാടശേഖരം സന്ദർശിച്ചു. നഷ്ടപരിഹാരത്തിനായി എഫ് ഐ ആർ തയാറാക്കി ജില്ല കൃഷി ഓഫീസിലേക്ക് സമർപ്പിച്ചു. നെൽക്കൃഷിക്കു പുറമെ വാഴ, മരച്ചീനി, ചേന, കാച്ചിൽ പച്ചക്കറികൾ തുടങ്ങിയവയ്ക്കും വ്യാപക നാശമുണ്ടായതായി അസിസ്റ്റന്റ് കൃഷി ഓഫീസർ സജീവ്. ആർ പറഞ്ഞു.
..............................
കെടുതികൾ മൂലം തുടർച്ചയായി ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കർഷകർക്ക് ആത്മഹത്യ അല്ലാതെ മറ്റു മാർഗമില്ല. മാത്രമല്ല അടുത്ത കൃഷിക്കാവശ്യമായ പണം പലിശരഹിത വായ്പയായി നൽകണം. കുട്ടനാടൻ രീതിയിൽ നെൽകൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാവണം
എസ്. ബാലചന്ദ്രൻ നായർ
(പാടശേഖര സമിതി പ്രസിഡന്റ്)
-തിരുവൻവണ്ടൂർ, ഇരമല്ലിക്കര, എന്നീ പാടശേഖരങ്ങളിലെ 12ൽപ്പരം കർഷകർ ദുരിതത്തിൽ
-30 മുതൽ 40 ദിവസം വരെ പ്രായമുള്ള നെൽച്ചെടികൾ നശിച്ചു