ചെങ്ങന്നൂർ: നിയന്ത്രണം തെറ്റിയ ആംബുലൻസ് ഒട്ടോയിലിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 7 ന് എം.സി റോഡിൽ ഐ.ടി ഐ ജംഗ്ഷന് സമീപം നേരകത്ത് പടിയിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ കുറിച്ചിമുട്ടം തെക്കേ കൊലിലേത്ത് പ്രശാന്ത് ഗോപി (30) നാണ് പരിക്കേറ്റത്. അടൂരിൽ നിന്നും ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നതിനു ശേഷം എതിർ ദിശയിൽ വന്ന കാറിൽ തട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ ഓട്ടോറിക്ഷയിൽ കുടുങ്ങിയ ഡ്രൈവറെ വണ്ടിവെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവറുടെ കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസിൻ ഗുരുതരാവസ്ഥയിൽ ഉണ്ടായിരുന്ന കുട്ടികളെ മറ്റൊരു 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രശാന്തിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകേളേജ് ആശുപത്രിയിലേക്കും മാറ്റി. ആംബുലൻസ് ഡ്രൈവർ ചെങ്ങന്നൂർ പൊലീസിൽ ഹാജരായി.