കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി വകയാറിലെ എട്ടാം കുറ്റി ഇളക്കി മാറ്റി. രജഭരണകാലത്തു നൂറു വർഷങ്ങൾക്ക് മുമ്പ് റോഡിന്റെ അളവിനെ സൂചിപ്പിക്കുന്ന മയിലിനെ സൂചിപ്പിക്കാനായി ആലേഖനം ചെയ്യപ്പെട്ട കല്ല് സ്ഥാപിച്ചപ്പോൾ ഈ പ്രദേശത്തെ നാട്ടുകാർ എട്ടാം കുറ്റിയെന്നു വിളിച്ചു തുടങ്ങി. ഒന്നര മീറ്റർ നീളമുള്ള മയിൽ കുറ്റിയുടെ ഒരു വശത്തു എട്ട് എന്ന് കൊത്തിവച്ചിട്ടുണ്ട്. അതിനു മുമ്പ് കുളത്തിങ്കലിനും വകയാർ കോട്ടയം - മുക്കിനുമിടയിലുള്ള ഈ സ്ഥലത്തെ വലിയകാവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നൂറു വർഷങ്ങൾക്കു മുമ്പ് റോഡ് നിർമ്മിക്കുമ്പോൾ കാളവണ്ടികൾ മാത്രം പോയിരുന്ന ചെമ്മൺ പാതയായിരുന്നു. അക്കാലത്തു പുനലൂർ - പത്തനംതിട്ട റോഡ് എന്നായിരുന്നു റോഡിനെ അറിയപ്പെട്ടിരുന്നത്. റോഡിലൂടെ അക്കാലത്തു കാൽനടയായി യാത്രചെയ്തിരുന്നവർ എട്ടാം കുറ്റി നോക്കി ദൂരം കണക്കാക്കിയിരുന്നു. 1965 ലാണ് റോഡ് ടാർ ചെയ്തത്. റോഡിലെ ഒന്നാം മയിൽകുറ്റി പത്തനാപുരത്തും പത്താം മയിൽകുറ്റി കോന്നിയിലുമായിരുന്നു. പത്തനാപുരം മുതൽ കോന്നി വരെ പത്തു മയിലായിരുന്നു ദൂരം. അക്കാലത്തു റോഡിലെ മയിൽകുറ്റികൾ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമായിരുന്നു.
നിറങ്ങൾ സൂചനകൾ നൽകി
ഓറഞ്ചു നിറമുള്ള മയിൽ കുറ്റികൾ ഗ്രാമ പ്രദേശത്തേക്ക് പ്രവേശിക്കാൻ തുടങ്ങുന്നുവെന്ന സൂചനയും, പച്ചനിറമുള്ള മയിൽ കുറ്റികൾ സംസ്ഥാനപാതയിലേക്കു പ്രവേശിക്കാൻ തുടങ്ങുന്നുവെന്ന സൂചനയും, മഞ്ഞ നിറമുള്ള മയിൽ കുറ്റികൾ ദേശീയ പാതയിലേക്ക് കടക്കുന്നതിന്റെയും സൂചനകൾ നൽകിയിരുന്നു.
വകയറിന്റെ മുഖമുദ്ര യായിഎട്ടാം കുറ്റി
പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിലൂടെ യാത്രചെയ്യുന്നവർക്കും , നാട്ടുകാർക്കും, ദീർഘ ദൂര ബസ് ജീവനക്കാർക്ക് പോലും പിൽക്കാലത്തു എട്ടാം കുറ്റി സുപരിചിതമായി തീർന്നു. കാർഷീക ഗ്രാമമായ വകയറിന്റെ മുഖമുദ്രയായി മാറുകയായിരുന്നു പിൽകാലത്തു എട്ടാം കുറ്റിയെന്ന വാക്ക്. ഇളക്കി മാറ്റിയ എട്ടാം കുറ്റിയുടെ ഗുഹാതുരത്വം സാഹിത്യകാരനായ വകയാർ സ്വദേശി ഗിരീശൻ നായർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ചൂണ്ടി കാണിക്കുകയും ഇതിനെ തുടന്ന് വാർഡ് മെമ്പർ ആനി സാബു കെ.യു. ജനീഷ്കുമാർ എം.എൽ.എ യുമായി ബന്ധപ്പെടുകയും ഇളക്കി മാറ്റിയ എട്ടാംകുറ്റി ചരിത്ര സ്മാരകമായി റോഡരികിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പു നൽകുകയും ചെയ്തു.