കാലവർഷവും ഉരുൾപൊട്ടലും എക്കാലവും കർഷകരെ കണ്ണീരിലാഴ്ത്തുന്നു. നാടിന്റെ നട്ടെല്ല് കർഷകരാണെന്ന് എല്ലാവരും പറയും. പക്ഷെ, അവർക്ക് ദുരിതം അനുഭവിക്കേണ്ടി വരുമ്പോൾ ഇപ്പറഞ്ഞവരൊന്നും കൂടെയുണ്ടാകില്ല. അമിത മഴയിൽ നശിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം തേടി അലഞ്ഞു നടക്കേണ്ടിവരുന്നത് കർഷകരുടെ ദുര്യോഗമാണ്. ചെലവാക്കിയതിന്റെ പകുതി പോലും കിട്ടാറില്ലെന്നാണ് അവരുടെ പരാതി. അദ്ധ്വാനമെല്ലാം പാഴായതിന്റെ സങ്കടങ്ങൾ വേറെയും. രണ്ടുദിവസം നീണ്ട തോരാത്ത മഴയിൽ പത്തനംതിട്ട ജില്ലയിലെ കർഷകർക്കെല്ലാംകൂടി 18.67 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിൽ പറയുന്നത്. ജില്ലയിൽ 662.63 ഹെക്ടറിലായി 7782 കർഷകർക്കാണ് നഷ്ടമുണ്ടായത്. മഴക്കെടുതിയിൽ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും വലിയ നഷ്ടങ്ങൾ സംഭവിച്ചതായാണ് പഠന സംഘത്തിന്റെ കണ്ടെത്തൽ. വിതകഴിഞ്ഞു കിടന്ന പാടശേഖരങ്ങളെല്ലാം ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. നെൽകൃഷി നശിച്ചതിലൂടെ 2.25 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴ നശിച്ചതിലാണ് നഷ്ടം കൂടുതൽ. ഏതാണ്ട് 62.31 ഹെക്ടറിൽ 5.92 കോടിയുടെ വാഴകൃഷികളാണ് വെള്ളം കൊണ്ടുപോയത്. വെറ്റില, കുരുമുളക്, റബർ, തെങ്ങ് കർഷകരും കടുത്ത നിരാശയിലാണ്. മറ്റു വിളകളായ ചീനി, ചേമ്പ്, കാച്ചിൽ എന്നീ കൃഷികളും മുങ്ങി. നഷ്ടപരിഹാരത്തിനായി വെബ് പോർട്ടൽ വഴി പത്ത് ദിവസത്തിനുള്ളിൽ അപേക്ഷിക്കണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. കൃഷി നശിച്ചവർക്ക് സർക്കാർ പതിവുപോലെ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിളനാശം നേരിട്ടവർക്ക് നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുന:സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജുകളും അനുവദിച്ചിട്ടുണ്ട്. ക്ഷീരകർഷകർക്കും പ്രളയത്തിൽ വലിയ നഷ്ടമുണ്ടായി. പലർക്കും കന്നുകാലികളെ നഷ്ടപ്പെട്ടു. തൊഴുത്ത് തകർന്നു. കാലിത്തീറ്റ വെള്ളംകയറി നശിച്ചു. അവർക്കുമുണ്ട് നഷ്ടപരിഹാരം. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അടിസ്ഥാനപരമായി കർഷകനായിരുന്നതുകൊണ്ട്, കർഷകരുടെ കഷ്ടപ്പാടുകളെപ്പറ്റി നന്നായിട്ടറിയാം. അതുകൊണ്ടാണ് പ്രളയം ഉണ്ടായ ഉടനെ തന്നെ എല്ലാ ജില്ലകളിലും പഠനം നടത്തിയത്. കൃത്യമായ കണക്കെടുക്കണമെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. കൃഷിക്കും കർഷകർക്കും ഉത്തേജന പാക്കേജുകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുമ്പോഴാണ് കാലം തെറ്റിയ മഴയുടെ പ്രഹരം.
മഴ ഭയമാകുന്നോ ?
മഴപ്പാട്ടുകൾ പെയ്യുമ്പോൾ മലയാളി മനസ് നിറഞ്ഞു തുളുമ്പിയിട്ടുണ്ട്. മഴ വെള്ളച്ചാട്ടം ആഹ്ളാദത്തിന്റെ കാഴ്ചകളായിരുന്നു. കടുത്ത വേനലിൽ ഒരു മഴയ്ക്ക് വേണ്ടി കാത്തിരിക്കാറുള്ള കേരളക്കരയ്ക്ക് ഇപ്പോൾ മഴ വരുമെന്ന് കേൾക്കുമ്പോൾ ഭയമാണ്. സാധാരണ മഴയല്ല, രൗദ്രഭാവം പൂണ്ട് എല്ലാം തകർത്തുകൊണ്ടുപോകുന്ന പ്രളയമാണ് കഴിഞ്ഞ മൂന്ന് വർഷമായി നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലുകളും കൂടി ചേരുന്നതോടെ ആകെ ഭീതിജനകമായ കാലാവസ്ഥ. കേരളത്തിന്റെ കാലാവസ്ഥ മാറിയെന്ന് ഇൗ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാലത്തിനൊത്ത് കൃഷിരീതികളും മാറണമെന്നാണ് മഴയുടെ മനംമാറ്റം നമ്മെ പഠിപ്പിക്കുന്നത്. കൃഷിയിൽ നൂതന മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ വരുംനാളുകളിൽ വറുതി തലപൊക്കുമെന്ന് കൃഷി ശാസ്ത്രജ്ഞരും ഒാർമിപ്പിക്കുന്നു. കൃഷി ആസൂത്രണം മുതൽ വിപണിയിലെത്തിക്കൽ വരെ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികൾ ആവിഷ്കരിച്ച് കാർഷികമേഖലയെ ഉണർത്താനുള്ള പദ്ധതികളാണ് ഹരിതകേരളം നടപ്പാക്കുന്നത്. നെൽകൃഷിയുടെ വിസ്തൃതി രണ്ടുലക്ഷം ഹെക്ടറിൽ നിന്ന് മൂന്ന് ലക്ഷം ഹെക്ടറായി ഉയർത്താൻ ലക്ഷ്യമിടുന്നു. വീടുകളിലും പുരയിടങ്ങളിലും ജൈവപച്ചക്കറി കൃഷിക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. യന്ത്രവത്‌കൃത കൃഷിയുടെ സാദ്ധ്യതകളും പരമാവധി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇത്തരത്തിൽ നൂതന കൃഷിരീതിക്കു വേണ്ടി സർക്കാർ പണം ചെലവാക്കുമ്പോൾ കാലം തെറ്റി പെയ്യുന്ന അതിശക്ത മഴ എല്ലാം തുടച്ചുനീക്കുന്നു. ചെലവാക്കുന്ന പണമെല്ലാം ഒഴുകിപ്പോകുന്ന പുതിയ പ്രതിഭാസത്തെ നേരിടാനുളള പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്ന നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്.
കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി മാറണം
കാലാവസ്ഥാ മുന്നറിയിപ്പുകൾ അതീവ ഗൗരവത്തോടെ കണക്കിലെടുത്ത് പ്രതികൂല സാഹചര്യങ്ങളിലും വളർന്ന് ഗുണനിലവാരമുള്ള വിളകൾ ലഭിക്കാനുള്ള കൃഷി രീതികൾ അവലംബിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ മഹാപ്രളയത്തിൽ പല നെല്ലിനങ്ങളും നശിച്ചപ്പോൾ പിടിച്ചുനിന്നത് സിഗപ്പി എന്ന ഇനമാണ്. ഹ്രസ്വകാല വിളകൾ നടുന്ന സമയം മണ്ണിലെ ഈർപ്പത്തിന്റെ ലഭ്യതയനുസരിച്ച് ക്രമീകരിക്കണം. കാലാവസ്ഥാ മാറ്റം ദോഷകരമായി ബാധിക്കുന്നത് ജലത്തിന്റെ ലഭ്യതയെയായിരിക്കുമെന്ന് പഠനമുണ്ട്. ജലവിഭവങ്ങൾ പരിപാലിക്കുന്നതിൽ കേരളത്തിന്റെ സ്ഥാനം അത്ര മികച്ചതല്ല. മണ്ണിനെയും ജലത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്ന, പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികൾ നടപ്പാക്കണം. മലനിരകൾ, പുഴകൾ, നീർത്തടങ്ങൾ, ജലാശയങ്ങൾ, വാസസ്ഥലങ്ങൾ, കൃഷിയിടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുവേണം കൃഷി ആസൂത്രണം ചെയ്യാൻ. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളും ഇനങ്ങളും കണ്ടെത്തണം. വരൾച്ചയുണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാം. തുറന്നസ്ഥലത്തുള്ള പച്ചക്കറി കൃഷി ഭാവിയിൽ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. കാലാവസ്ഥാ വ്യതിയാനം കാരണം മിക്ക വിളകളുടെയും ഉത്പാദനം സമീപഭാവിയിൽ ഗണ്യമായി കുറയുമെന്ന് കേന്ദ്രകൃഷിവകുപ്പ് പറയുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് പുതിയ കൃഷിരീതികൾ വികസിപ്പിച്ചെടുക്കുകയെന്നതാണ് കാർഷിക ശാസ്ത്രജ്ഞരുടെ പുതിയ ദൗത്യം.